ആരെന്തു ചെയ്താലും ഇവിടെ ന്യായീകരണ ക്യാപ്‌സ്യൂള്‍ ഉടന്‍ : വിഡി സതീശന്‍

കേരളം വെള്ളരിക്കാപട്ടണം ആയി മാറിയെന്നും ഇടതുപക്ഷം എന്തുചെയ്താലും അതിനെ ന്യായീകരിക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടാകുന്നത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്‍ സര്‍ക്കാരിനെയും ഇടതു സംഘടനകളെയും കുറ്റപ്പെടുത്തി രംഗത്തു വന്നത്. ഏറ്റവുമൊടുവില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ നടത്തിയ പ്രതികരണത്തെ ഡി വൈ എഫ് ഐ ന്യായീകരിച്ചത് വിഡി സതീശന്‍ ചൂണ്ടിക്കാട്ടുന്നു. ആര് എന്ത് ചെയ്താലും ഇവിടെ ന്യായീകരണ ക്യാപ്‌സൂള്‍ വരും.

എം സി ജോസഫൈന്റെ കാര്യത്തിലും ആദ്യം വന്നത് ന്യായീകരണ ക്യാപ്‌സ്യൂള്‍ ആണ്. ന്യായീകരിച്ച് പിടിച്ചു നില്‍ക്കാന്‍ നോക്കി. ഗതിയില്ലാതെ വന്നതോടെ രാജിവെക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. വൈകിയാണെങ്കിലും രാജിവെച്ചതിനെ വി ഡി സതീശന്‍ സ്വാഗതം ചെയ്തു. ഡി വൈ എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭരിക്കുന്ന സര്‍ക്കാറിന് മംഗളപത്രം എഴുതുന്ന സംഘടനയായി അധപ്പതിച്ചു എന്ന് വിഡി സതീശന്‍ ആരോപിച്ചു. കാസര്‍കോട് ഇരട്ട കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയ നടപടിയെയും സതീശന്‍ ഇതേ ഭാഷയില്‍ കുറ്റപ്പെടുത്തി. കുറ്റവാളികളുടെ ഭാര്യമാര്‍ ആണെങ്കിലും അവര്‍ക്ക് ജീവിക്കണ്ടേ എന്ന് ന്യായീകരണ ക്യാപ്‌സ്യൂള്‍ ആണ് അക്കാര്യത്തില്‍ ഇടതുപക്ഷം ഇറക്കിയത്. തൊഴിലിന് അപേക്ഷിച്ച് 450 പേരില്‍ 447 പേരെ ന്യായീകരിച്ച് ആണ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയത് എന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത 97 പേരെയും പറ്റിച്ചു. അതിനെയും ന്യായീകരിക്കുന്ന രീതിയാണ് ഉണ്ടായത്.

സ്ത്രീധന പീഡന വാര്‍ത്തകളാല്‍ കേരളം തല കുനിച്ചു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. അതേ സ്ത്രീകളെ സംരക്ഷിക്കും എന്ന് പറയേണ്ട ഡി വൈ എഫ് ഐ ആണ് എംസി ജോസഫൈനെ ന്യായീകരിച്ചത് എന്നും സതീശന്‍ പറഞ്ഞു. മരം മുറി കേസില്‍ മുന്‍ സര്‍ക്കാരിലെ വനം റവന്യൂ മന്ത്രിമാരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്താല്‍ ഇതിന് നിര്‍ദേശം നല്‍കിയ രാഷ്ട്രീയ നേതൃത്വം ആരാണ് എന്ന് കണ്ടെത്താനാകും. കൊടകര കുഴല്‍പ്പണ കേസ് സാധാരണ സംഭവം ആക്കാന്‍ ആണ് ശ്രമം നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് എതിരെ നടക്കുന്ന ഇഡി അന്വേഷണങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. രാമനാട്ടുകര കേസ് ഏറെ ഗൗരവം ഉള്ളതാണ്. ഇക്കാര്യത്തില്‍ യാഥാര്‍ഥ്യം പുറത്തു കൊണ്ടുവരണം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാല്‍ മാത്രമേ സത്യം പുറത്തു കൊണ്ടു വരാനാകൂ. കേസ് ഇപ്പോഴും നിഗൂഢമായി നില്‍ക്കുകയാണ്. സി പി എം നേതാക്കളുടെ പങ്ക് ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നതിന് തെളിവ് ആണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.