സിനിമാ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ക്യാമറകള്‍ വാടകയ്‌ക്കെടുത്തു മറിച്ചു വില്‍പ്പന നടത്തിവന്നയാള്‍ അറസ്റ്റില്‍

സിനിമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ക്യാമറകള്‍ വാടകയ്ക്ക് കൊടുക്കുന്നവരില്‍ നിന്നും ക്യാമറകള്‍ വാടകയ്ക്ക് എടുത്തശേഷം ഒഎല്‍എക്സ് വഴിയും ഇടനിലക്കാര്‍ വഴിയും വില്‍പ്പന നടത്തിവന്നയാള്‍ പോലിസ് പിടിയില്‍. പുനലൂര്‍,ചരുവിള പുത്തന്‍ വീട്ടില്‍ ഷൈന്‍ (31) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. സിനിമ ചിത്രീകരണത്തിനും മറ്റും കാമറ വാടകയ്ക്ക് കൊടുത്തിരുന്ന പുല്ലേപടി സ്വദേശി ശിവപ്രകാശിന്റെ കാമറയും ലെന്‍സുകളും കഴിഞ്ഞ ഏപ്രില്‍ മാസം ഷൈന്‍ ഒരു സിനിമ ഷൂട്ടിങ്ങിനായി 3000/ രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാടകയും കാമറയും തിരിച്ചു കിട്ടാതായതോടെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

തുടര്‍ന്ന് നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വഷണത്തിനോടുവില്‍ ആണ് ഇയാള്‍ അറസ്റ്റില്‍ ആയത്. ഇയാള്‍ വില്‍പ്പന നടത്തിയ കാമറ പോലീസ് കണ്ടെടുത്തു. പോലിസ് നടത്തിയ അന്വഷണത്തില്‍ കേരളത്തില്‍ ഉടനീളം ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു.

കാര്‍ വില്‍ക്കാനുണ്ട് എന്ന പരസ്യം നല്‍ക്കുന്നവരെ സമീപിച്ചു കാര്‍ വാങ്ങി പെന്റിങ് ഉള്ള ലോണ്‍ അടച്ചു തീര്‍ത്തുകൊള്ളാം എന്ന് പറഞ്ഞു വാഹനയുടമയെ പറഞ്ഞു വിശ്വസിപ്പിച്ചു അഡ്വാന്‍സ് ആയി ചെറിയ തുക കൊടുക്കുകയും പിന്നീട് ബാക്കി വരുന്ന തുകയ്ക്ക് പകരമായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ കാമറകളും ലെന്‍സുകളും കൊടുക്കുകയും ഇയാളുടെ പതിവായിരുന്നുവെന്നും പോലിസ് പറഞ്ഞു.ഷൈന്‍ നടത്തിയ ഇടപാടുകള്‍ക്കായി സഹോദരന്‍ ഷൈജുവിന്റെയും, ഷൈജു നടത്തിയ ഇടപ്പടുകള്‍ക്കായി ഷൈനിന്റെയും തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ നമ്പറും ആണ് നല്‍കി വന്നിരുന്നത്. തുടര്‍ന്ന് പരാതിക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ഇതിനെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞു തടിയൂരുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇയാള്‍ പിടിയിലായ വാര്‍ത്ത വന്നതിനു പിന്നാലെ ധാരാളം പേരാണ് സമാനമായ പരാതിയുമായി പൊലീസിന് മുന്നില്‍ എത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ക്യാമറകള്‍ തട്ടിക്കുന്ന സംഘം കേരളത്തില്‍ സജീവമാണ്.