രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സമയവും കേസുകള്‍ കുറയാതെ കേരളവും മഹാരാഷ്ട്രയും
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്ന സമയത്തും കേസുകള്‍ക്ക് കുറവ് വരാതെ കേരളവും മഹാരാഷ്ട്രയും. പ്രതിദിനം നാലു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യം മാറി നിലവില്‍ അന്‍പതിനായിരത്തില്‍ താഴെ വരെയെത്തി നില്‍ക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 48,698 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,01,83,143 ആയി.
നിലവില്‍ പ്രതിദിന കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസം നല്‍കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 11,546 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 118 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ആകെ 12699 കോവിഡ് മരണങ്ങളാണ് കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതിദിന കണക്കില്‍ തൊട്ടടുത്ത നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 511 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് വാക്‌സിനേഷനും രാജ്യത്ത് വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നു പോരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 61.19 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. ഇതുവരെ 31.17 കോടി വാക്‌സിന്‍ ഡോസ് രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയര്‍ന്നു നില്‍ക്കുന്നതും ആശ്വാസം നല്‍കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 64,818 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 2,91,93,085 രാജ്യത്ത് കോവിഡ് മുക്തി നേടിയത്. ആക്ടീവ് കേസുകളുടെ എണ്ണത്തിലും വന്‍ കുറവ് വന്നിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 5,95,565 ആക്ടീവ് കേസുകളാണുള്ളത്.