സംസ്ഥാനത്ത് ലോക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല ; ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കും അനുമതിയില്ല

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുകള്‍ ഇല്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കിയില്ല. ഇന്നു ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്ത പശ്ചാത്തലത്തിലാണ് ഇളവ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു ഇന്ന് അവലോകന യോഗം ചേര്‍ന്നത്. എന്നാല്‍, ടിപിആര്‍ കുറയാത്തതിനാല്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. പത്തു ശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഒന്നര മാസത്തോളം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടിപിആര്‍ കുറയാത്തത് കാര്യമായ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം ഇതിന് അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പള്ളികളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടുതന്നെ ഞായറാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്. വാരാന്ത്യ ലോക്ക്ഡൗണ്‍ നാളെയും പതിവുപോലെ തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും. അന്നത്തെ അവലോകത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.