നവജാത ശിശുവിന്റെ കൊലപാതകം ; മുഖ്യപ്രതി രേഷ്മയുടെ രണ്ടു ബന്ധുക്കള്‍ ആത്മഹത്യ ചെയ്തു

കൊല്ലത്ത് നവജാത ശിശു കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ‘അമ്മ രേഷ്മയുടെ ഫേസ്ബുക്ക് കാമുകന്റെ ഐഡി അനന്തു എന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ അനന്തു എന്ന പേരിലുള്ള ഈ അക്കൗണ്ട് വ്യാജമെന്നാണ് സംശയം. കാമുകനുവേണ്ടി കുഞ്ഞിനെ ഒഴിവാക്കിയെന്നായിരുന്നു രേഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നത്. പലയിടങ്ങളിലും പോയിട്ടും രേഷ്മയ്ക്ക് അനന്തുവിനെ കാണാനായില്ലായിരുന്നു. അനനന്തുവിനെ കാണാന്‍ വേണ്ടി പല സ്ഥലങ്ങളിലും രേഷ്മ എത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും നേരിട്ട് രേഷ്മയ്ക്ക് തന്റെ കാമുകനെ കാണാനായിട്ടില്ല. ഒരു ഫേസ്ബുക്ക് ഐഡി മാത്രം വെച്ച് എങ്ങനെ ഇയാളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് ആശങ്കപ്പെടുന്നത്. എന്നാല്‍ രേഷ്മയും അനന്തുവും ചില വാട്‌സാപ് ചാറ്റുകളും നടത്തിയിട്ടുണ്ട്. വാട്‌സാപ് കോളുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കേസ് അന്വേഷണത്തില്‍ സൈബര്‍ ഉദ്യോഗസ്ഥരുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രേഷ്മയുടെ ബന്ധുക്കളായ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദര ഭാര്യ ആര്യ, ഭര്‍ത്താവിന്റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ലഭിച്ചത്. രേഷ്മ ചതിക്കുകയായിരുന്നു എന്നാണ് ഇവരുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ആത്മഹത്യ ചെയ്ത ആര്യയുടെ സിം കാര്‍ഡാണ് രേഷ്മ ഏറെ നാളായി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വിവരങ്ങള്‍ അറിയാനാണ് പൊലീസ് വിളിപ്പിച്ചത്.

ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പില്‍ ഇവര്‍ പറയുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആര്യ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതാത്ത യുവതിയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ ആത്മഹത്യയോടു കൂടി കേസില്‍ ദുരൂഹതയേറുകയാണ്. ആത്മഹത്യാക്കുറിപ്പില്‍ രേഷ്മയെ ചതിച്ചെന്നും പറയുന്നുണ്ട്. ഇതിലും വ്യക്തതതയില്ല.

വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചു വെക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. പത്ത് മാസം ഗര്‍ഭിണയാണെന്ന വിവരം ഒപ്പം താമസിക്കുന്ന കുടുംബാഗങ്ങളില്‍ നിന്നും എങ്ങനെ മറച്ചുവെക്കാനായെന്നതാണ് പൊലീസ് ഉന്നയിക്കുന്ന സംശയം. ഭര്‍ത്താവിന്റെ കുഞ്ഞാണിതെന്ന് രേഷ്മ പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത കേരളം അരിഞ്ഞത്. രേഷ്മയുടെ വീട്ടു പറമ്പില്‍ നിന്നായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് അറിയില്ലെന്നായിരുന്നു രേഷ്മയും പിതാവ് സുദര്‍ശനന്‍ പിള്ളയും കുടുംബവും നേരത്തെ പറഞ്ഞത്. പൊലീസ് അന്വേഷണം നടക്കുമ്പോഴും ഭാവവ്യത്യാസമില്ലാതെയാണ് രേഷ്മ പെരുമാറിയിരുന്നത്. എന്നാല്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണമാണ് രേഷ്മയെ കുടുക്കിയത്. കുഞ്ഞ് രേഷ്മയുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെയാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ കേസില്‍ ഇപ്പോഴും പല കാര്യങ്ങളിലും വ്യക്തത വരുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.