ജമ്മുവില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം
ജമ്മുവില്‍ എയര്‍ ഫോഴ്‌സ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ അതീവ ജാഗ്രതയിലാണ്. ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തു വീഴ്ത്തിയെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചതായാണ് നിഗമനം. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. എന്‍ഐഎ സംഘവും വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. ഐഇഡി സ്‌ഫോടനമാണെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തില്‍ സ്‌ഫോടനം ഉണ്ടായത്.
സംഭവത്തില്‍ ഒരു ഭീകരനെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ കൈയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹെലിപാഡ് ഏരിയയില്‍ നിന്ന് ഡ്രോണുകള്‍ സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചെന്നാണ് നിഗമനം. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന ്സ്ഥിരീകരിച്ചാല്‍ രാജ്യത്തെ ആദ്യത്തെ ഡ്രോണ്‍ ആക്രമണമാകും ജമ്മു വിമാനത്താവളത്തിലേത്. എന്നാല്‍ സേന വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്ന് എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു. ജമ്മു എയര്‍ഫോഴ്‌സ് ബേസ് സ്റ്റേഷന്റെ മേല്‍ക്കൂരയിലായിരുന്നു ആദ്യ സ്‌ഫോടനം. രണ്ടാമത്തെ സ്‌ഫോടനം നിലത്തായിരുന്നു. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കേടുപാടുകള്‍ സംഭവിച്ചു.
പാകിസ്ഥാനില്‍ നിന്ന് 14 കിലോ മീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേന വൈസ് ചീഫ് മാര്‍ഷല്‍ എച്ച് എസ് അറോറയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. യാത്രാ വിമാനങ്ങളും ജമ്മു വിമാനത്താവള റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത് എന്നത് സ്ഥിതി രൂക്ഷമാക്കുന്നു.