പ്രളയ സെസിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മലയാളികളില്‍ നിന്നും പിരിച്ചെടുത്തത് 1705 കോടി
പ്രളയ സെസിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മലയാളികളില്‍ നിന്നും പിരിച്ചെടുത്തത് 1705 കോടി. 1 ശതമാനം സെസ് ഏര്‍പ്പെടുത്തി 1200 കോടി രണ്ടുവര്‍ഷംകൊണ്ട് പിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഒരു മാസം ബാക്കി നില്‍ക്കെ തന്നെ 1705 കോടി ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയെന്ന് രേഖകള്‍ പറയുന്നു. മാര്‍ച്ച് മാസം വരെയുള്ള കണക്കാണ് നിയമസഭയില്‍ സണ്ണിജോസഫ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. ജൂലൈ വരെയുള്ള കണക്കു കൂടിച്ചേരുമ്പോള്‍ 2000 കോടിയോളം ഈ ഇനത്തില്‍ ഉണ്ടാകുമെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം ആദ്യം നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രളയ സെസിലൂടെ ഉണ്ടായ നേട്ടം വ്യക്തമാക്കുന്നത്.
2019 -20 ലെ ബജറ്റ് പ്രസംഗത്തില്‍, 2019 ആഗസ്ത് മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. വര്‍ഷം 600 കോടി വീതം ലക്ഷ്യമിട്ട് , 2 വര്‍ഷം കൊണ്ട് 1200 കോടി സമാഹരിക്കുകയായിരുന്നു ലക്ഷ്യം. പ്രളയ പുനര്‍നിര്‍മാണത്തിന് പണം തേടിയാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗം കണ്ടെത്തിയത്. സംസ്ഥാനത്ത് വില്‍ക്കുന്ന സാധനങ്ങളുടെ വിലയില്‍ ഒരു ശതമാനം അധികനികുതി ഈടാക്കിയാണ് പണം പിരിച്ചത്. അഞ്ച് ശതമാനം വരെ ജി എസ് ടി ബാധകമായ ഇനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.സ്വര്‍ണത്തിന് കാല്‍ ശതമായിരുന്നു സെസ്. പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനു പണം കണ്ടെത്താന്‍ 2019 ഓഗസ്റ്റ് രണ്ടാം തീയതി മുതലാണ് പ്രളയ സെസ് പിരിച്ചു തുടങ്ങിയത്. 2021 ജൂലായ് 31 വരെ രണ്ട് വര്‍ഷക്കാലയളവിലേക്കാണ് സെസ് ഏര്‍പ്പെടുത്തിയിരുന്നത്.. 12%, 18%, 28% നിരക്കില്‍ ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങള്‍ക്കായിരുന്നു ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തില്‍ കോവിഡ് പോലുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന നികുതി കിട്ടിയത് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്.