കേരളത്തില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പീഡകരും മാഫിയാ സംഘങ്ങളും കൊടുകുത്തി വാഴുന്നു : കെ.കെ. രമ
സംസ്ഥാനത്ത് സര്‍ക്കാര്‍ പിന്തുണയില്‍ പീഡകരും മാഫിയാ സംഘങ്ങളും കൊടുകുത്തി വാഴുന്നു എന്ന് വടകര എം എല്‍ എ കെ.കെ. രമ. വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ യുവതിയെ പീഡിപ്പിച്ച പരാതിയില്‍ പരാതി കിട്ടിയിട്ടും പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെ.കെ. രമ പറയുന്നു. പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പാര്‍ട്ടി പുറത്താക്കിയെന്നുമുളള ഒറ്റവാചകക്കുറിപ്പു കൊണ്ട് കൈ കഴുകാവുന്ന പ്രതിസന്ധിയല്ല ത്തരം കാര്യങ്ങളില്‍ സി.പി.എം നേരിടുന്നതെനന്നും ഈ കേസുകളില്‍ പ്രതികളായ വ്യക്തികളിലാരംഭിച്ച് അവരില്‍ അവസാനിക്കുന്നതുമല്ല ഈ കേസുകളൊന്നുമെന്ന് കെ.കെ. രമ പറഞ്ഞു.
ഏകാധിപത്യം പുലരുന്ന പാര്‍ട്ടിയുടെ ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കില്‍ എന്ത് ചെയ്താലും പാര്‍ട്ടിയില്‍ തുടരാം എന്നതിന്റെ പ്രകടമായ ഉദ്ദാഹരണമാണ് കണ്ണൂരിലും പാലക്കാടും നടന്ന രണ്ട് പീഡനാരോപണങ്ങളും സിപിഎം കൈകാര്യം ചെയ്ത രീതിയെന്ന് അവര്‍ ആരോപിച്ചു. തനിക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാന്‍ അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ടത് മുഴുവന്‍ സമൂഹത്തിന്റെയും ബാദ്ധ്യതയാണെന്ന് പറഞ്ഞ കെ.കെ. രമ ഇരയായ സ്ത്രീക്കൊപ്പം നിരുപാധികം നിലയുറപ്പിക്കുന്നതായും വ്യക്തമാക്കി. തന്റെ ഫേസ്ബുക്കില്‍ ആണ് രമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
സഹപ്രവര്‍ത്തകയായ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ വടകരയിലെ ഒരു സി.പി.എം പ്രാദേശിക നേതാവിനും DYFI നേതാവിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പാര്‍ട്ടി പുറത്താക്കിയെന്നുമുളള ഒറ്റവാചകക്കുറിപ്പു കൊണ്ട് കൈ കഴുകാവുന്ന പ്രതിസന്ധിയല്ല, ഇത്തരം കാര്യങ്ങളില്‍ സി.പി.എം നേരിടുന്നത്. ഈ കേസുകളില്‍ പ്രതികളായ വ്യക്തികളിലാരംഭിച്ച് അവരില്‍ അവസാനിക്കുന്നതുമല്ല ഈ കേസുകളൊന്നും.
സംഘടനാധികാരമുപയോഗിച്ച് സഹപ്രവര്‍ത്തകരെ തങ്ങളുടെ ഇംഗിതത്തിനു വിധേയമാക്കുന്നു എന്ന ആരോപണമുയര്‍ന്ന പാര്‍ട്ടീനേതാക്കളെ എങ്ങനെയാണീ പാര്‍ട്ടി കൈകാര്യം ചെയ്തത് എന്നത് നാം കണ്ടതാണ്. ഏകാധിപത്യം പുലരുന്ന പാര്‍ട്ടിയുടെ ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കില്‍ എന്ത് ചെയ്താലും പാര്‍ട്ടിയില്‍ തുടരാം എന്നതിന്റെ പ്രകടമായ ഉദ്ദാഹരണമാണ് കണ്ണൂരിലും പാലക്കാടും നടന്ന രണ്ട് പീഡനാരോപണങ്ങളും CPM കൈകാര്യം ചെയ്ത രീതി.
ഈ വളംവെച്ചു കൊടുക്കല്‍ പ്രാദേശിക നേതാക്കളെവരെ കൊടും ക്രിമിനലുകളും അധികാര പ്രമത്തതകൊണ്ട് കണ്ണ് കാണാത്തവരുമാക്കി തീര്‍ക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദ്ദാഹരണമാണ് വടകരയില്‍ നടന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവവും അതിനെത്തുടര്‍ന്നുള്ള ബ്ലാക്ക്‌മെയിലിങ്ങു മടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവഗണിക്കുകയും ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവുമാണ് ഉണ്ടായതെന്നാണ് മനസിലാക്കുന്നത്. അതേത്തുടര്‍ന്നാണവര്‍ നിയമനടപടികളിലേക്ക് സ്വന്തം നിലയില്‍ നീങ്ങിയത്.
പരാതി കിട്ടിയിട്ടും പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ഭരണകൂടത്തിന്റേയും പോലീസിന്റെയും പിന്തുണയും സഹകരണവും ആ സ്ത്രീക്ക് ഉറപ്പുനല്‍കാനാവണം. തനിക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാന്‍ അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ടത് മുഴുവന്‍ സമൂഹത്തിന്റെയും ബാദ്ധ്യതയാണ്. ഇരയായ സ്ത്രീക്കൊപ്പം നിരുപാധികം നിലയുറപ്പിക്കുന്നു.
കെ.കെ രമ
ഫേസ്ബുക്ക് പേജ് ലിങ്ക് :