വാട്സ്ആപ്പിനെ വെല്ലാന്‍ പുതിയ ഫീച്ചറുകളുമായി ടെലഗ്രാം ; 30 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന വിഡിയോ കോള്‍
മിക്കവരുടെയും ഫോണില്‍ ഉണ്ട് എങ്കിലും ടെലിഗ്രാമില്‍ സന്ദേശം കൈമാറുന്നവര്‍ വളരെ വിരളമാകും. മുഖ്യമായും സിനിമ പോലുള്ള വലിയ വീഡിയോകള്‍ കൈമാറാന്‍ ആണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ ടെലിഗ്രാം ഉപയോഗിക്കുന്നത്. വാട്‌സ് ആപ്പ് ഇപ്പോള്‍ നടപ്പിലാക്കിയ പല പുതിയ ഫീച്ചറുകളും ടെലിഗ്രാം ഏറെ മുന്‍പ് നിലവില്‍ കൊണ്ട് വന്നവയാണ്. എന്നിരുന്നാലും ടെലിഗ്രാം എന്നാല്‍ സിനിമ കാണാന്‍ ഉള്ളത് എന്ന വിശ്വാസത്തിലാണ് ഏറെപ്പേരും. എന്നാലിപ്പോള്‍ വാട്സ്ആപ്പിനെ വെല്ലാന്‍ രണ്ടും കല്‍പ്പിച്ചാണ് ടെലിഗ്രാം. ഇതിനായി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ ഉള്ള തീരുമാനത്തിലാണ് കമ്പനി.
ഒരേസമയം മെസേജ് ആപ്പ് ഭീമനായ വാട്സ്ആപ്പിനും സൂം, ഗൂഗിള്‍ മീറ്റ് അടക്കമുള്ള വിഡിയോ കോളിങ് പ്ലാറ്റ്ഫോമുകള്‍ക്കും ഭീഷണിയാകുന്ന തരത്തിലാണ് ആപ്പിലെ പുതിയ മാറ്റങ്ങള്‍. പുതുതായി ചേര്‍ത്ത വിഡിയോ കോളില്‍ 30 പേര്‍ക്കുവരെ ഒരേസമയം പങ്കെടുക്കാനാകും. ഈ പരിധിയും അധികം വൈകാതെ തന്നെ കൂട്ടുമെന്നും ടെലഗ്രാം വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വാട്സ്ആപ്പില്‍ പരമാവധി എട്ടുപേര്‍ക്കു മാത്രമേ വിഡിയോ കോളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ഈ സമയത്താണ് കൂടുതല്‍ സാധ്യതകളൊരുക്കി ടെലഗ്രാം രംഗത്തെത്തിയിരിക്കുന്നത്.
സ്‌ക്രീന്‍ ഷെയറിങ് ആണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. വെബ് ബ്രൗസറുകളും വിഡിയോ പ്ലേയറുകളും പോലെ ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനുകളും ഇനിമുതല്‍ ടെലഗ്രാമിലൂടെ സ്‌ക്രീന്‍ഷെയര്‍ ചെയ്യാനാകും. ഇതോടൊപ്പം ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകള്‍, മെസേജ് ആനിമേഷനുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ മാറ്റത്തില്‍ ചേര്‍ത്തിട്ടുണ്ട്. സന്ദേശം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും ബഹുവര്‍ണത്തിലുള്ള ചിത്രങ്ങളും മറ്റും പശ്ചാത്തലത്തില്‍ ചലിച്ചുകൊണ്ടിരിക്കും. മെസേജ് ആപ്പുകളില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഫീച്ചര്‍ വരുന്നത്. പുതിയ ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകള്‍ ഫോണിലെ ബാറ്ററി ചാര്‍ജ് അധികം കവരുമെന്ന ഭീതി വേണ്ടെന്നും ടെലഗ്രാം അറിയിച്ചിട്ടുണ്ട്.
പശ്ചാത്തലത്തിലെ ബഹളങ്ങളും ശബ്ദങ്ങളും കുറയ്ക്കുന്ന സംവിധാനവും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഇതുവഴി ബഹളമയമായ സ്ഥലത്തുവച്ച് ടെലഗ്രാമില്‍ കോള്‍ ചെയ്യുമ്പോഴും വോയ്സ് സന്ദേശം നല്‍കുമ്പോഴുമെല്ലാം ഉപയോക്താവിന്റെ ശബ്ദം അപ്പുറത്തുള്ളയാള്‍ക്ക് വ്യക്തമായും കേള്‍ക്കാനാകും. സെറ്റിങ്സില്‍ പോയി ഈ സംവിധാനം ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമാകും. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളിലെല്ലാം ടെലഗ്രാമിന്റെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകും. ഐഒഎസില്‍ ടെലഗ്രാമിന്റെ രൂപത്തില്‍ തന്നെ മാറ്റമുണ്ടെന്നാണ് വിവരം. നിക്കോളായ്, പവേല്‍ ദുറോവ് എന്നീ റഷ്യന്‍ സഹോദരന്മാരാണ് ടെലഗ്രാം സ്ഥാപകര്‍. റഷ്യയിലെ ഏറ്റവും വലിയ സമൂഹമാധ്യമ കമ്പനിയായ ‘വികെ’യുടെ ഉടമകള്‍കൂടിയായ ഇവര്‍ 2013ലാണ് ടെലഗ്രാം ആപ്ലിക്കേഷന്‍ ആദ്യമായി ലോഞ്ച് ചെയ്യുന്നത്.