പാലം വന്നിട്ടും ഗുണമില്ല ; വൈറ്റിലയിലെ കുരുക്ക് അഴിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലം നോക്കുകുത്തിയായി വൈറ്റില ജംക്ഷനില്‍ ഇപ്പോഴും ട്രാഫിക്ക് കുരുക്ക് പഴയതു പോലെ. കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജംഗ്ഷന്‍ ആണ് വൈറ്റില. ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇതിനൊരു പരിഹാരമെന്ന നിലയില്‍ മേല്‍പ്പാലം നിര്‍മ്മിച്ചത്. എന്നാല്‍, വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ പാലത്തിനു കഴിഞ്ഞില്ല എന്ന് ഉത്ഘാടനം കഴിഞ്ഞ പിറ്റേന്ന് മുതല്‍ കേരളം കാണുകയും ചെയ്തു.അശാസ്ത്രിയമായ രീതിയില്‍ ഉള്ള നിര്‍മ്മാണം തന്നെയാണ് കാരണമായത്.അതുപോലെ സിഗ്‌നല്‍ സിസ്റ്റത്തിലെ അപാകതയും പാലത്തിനടിയിലെ റോഡുകള്‍ക്ക് വീതി കുറഞ്ഞതും പഴയതിനേക്കാള്‍ സാഹചര്യം മോശമാക്കി.

നിലവില്‍ പാലത്തിന് അടിയിലൂടെ പോകുന്ന വാഹനങ്ങള്‍ ഏറെനേരം ഇപ്പോഴും കാത്തു കിടക്കേണ്ടി വരുന്നുണ്ട്. തൊടുപുഴ, കോട്ടയം, പിറവം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരാണ് ഏറെ കഷ്ടപ്പെടുന്നത്. വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇപ്പോഴും നിരവധി പൊലീസുകാരാണ് കാത്ത് നില്‍ക്കേണ്ടി വരുന്നത്. കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായി നാല് പാലങ്ങളാണ് നിര്‍മ്മിച്ചത്. വൈറ്റില, കുണ്ടന്നൂര്‍, ഇടപ്പള്ളി, പാലാരിവട്ടം എന്നിവയായിരുന്നു ഈ പാലങ്ങള്‍. 86.34 കോടി മുടക്കി ആയിരുന്നു വൈറ്റില പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കിഫ്ബി വഴി ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പാലം നിര്‍മ്മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സര്‍ക്കാരിന്റെ നേട്ടമായി എടുത്തു കാട്ടിയ പദ്ധതിയാണ് ഇപ്പോള്‍ നാണക്കേട് ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം ഗതാഗത കുരുക്ക് അഴിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍. 20 വര്‍ഷത്തേക്ക് ഗതാഗത പ്രശ്‌നം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. എന്‍ എച്ച്, എന്‍ എച്ച് എ ഐ, ട്രാഫിക്ക് വിംഗ് എന്നി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനു ചുമതല നല്‍കിയിരിക്കുന്നത്. ഇവര്‍ വൈറ്റിലയില്‍ എത്തി പരിശോധന നടത്തും. ട്രാഫിക് സിസ്റ്റത്തിലും എന്ത് നടപടി സ്വീകരിക്കണമെന്ന് പരിശോധിക്കും. ആവശ്യമെങ്കില്‍ സ്ഥലം ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.