22കാരനെന്ന് വിശ്വസിപ്പിച്ച് 16 കാരിയുടെ സോഷ്യല്‍മീഡിയ വഴി സൗഹൃദം സ്ഥാപിച്ച 45 കാരന്‍ അറസ്റ്റില്‍

ചാലിശ്ശേരിയില്‍ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ സുഹൃത്തായ 45കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച എറണാകുളം കളമശ്ശേരി കൈപ്പടിയില്‍ ദിലീപ് കുമാര്‍ ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ് കുമാര്‍ തനിക്ക് 22 വയസാണെന്നായിരുന്നു പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വിദ്യാര്‍ഥിയാണെന്ന് കുട്ടിയെ ധരിപ്പിച്ച ഇയാള്‍, വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ബന്ധുവായ 24 കാരന്റെ ചിത്രങ്ങളാണ് അയച്ചു നല്‍കിയിരുന്നത്.

മാതാപിതാക്കള്‍ ബാങ്ക് ഓഫീസര്‍മാരാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. ഈ കള്ളം കൂടുതല്‍ ഉറപ്പാക്കുന്നതിനായി ബന്ധുവായ യുവതിയെക്കൊണ്ട് കുട്ടിയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. വാക്കുകള്‍ വിശ്വസിച്ച് ഇയാളുമായി സൗഹൃദത്തിലായ പെണ്‍കുട്ടിയെ പിന്നീട് ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കൈക്കലാക്കിയ ദിലീപ് കുമാര്‍ ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ചാലിശ്ശേരി പൊലീസ് ദിലീപ് കുമാറിനെ പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനാറുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫോണ്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ദിലീപ് കുമാര്‍ കുടുങ്ങിയത്. പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാര്‍ഡായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. മറ്റൊരു യുവതിയുമായും ഇയാള്‍ സമാന തരത്തില്‍ സൗഹൃദം സ്ഥാപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.