രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 50000ത്തില്‍ താഴെ ; മരണസംഖ്യയും കുറയുന്നു
ആശ്വാസമേകി രാജ്യത്തു കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,148 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി. ഇതില്‍ 2,93,09,607 പേര്‍ രോഗമുക്തി നേടി. നിലവില്‍ 5,72,994 പേരാണ് ചികിത്സയില്‍ തുടരുന്നത്. രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം മാത്രം 58,578 പേരാണ് കോവിഡ് മുക്തി നേടിയത്. നിലവില്‍ 96.80% രാജ്യത്തെ രോഗമുക്തി നിരക്ക്.
മരണനിരക്കിലും മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 979 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 3,96,730 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. വാക്‌സിനേഷന്‍ നടപടികളും രാജ്യത്ത് സജീവമായി പുരോഗമിക്കുന്നുണ്ട്. ഇതിനിടെ പ്രതിദിന കോവിഡ് കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളം വാക്‌സിനേഷന്‍ മാര്‍ഗരേഖ പരിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 18 മുതല്‍ 45 വരെയുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനാണ് പുതിയ തീരുമാനം. മുന്‍ഗണന വിഭാഗം എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. 18 വയസുമുതലുള്ളവര്‍ക്ക് വാക്സിനേഷനായി രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും രോഗബാധിതര്‍ക്കും മറ്റ് മുന്‍ഗണനയുള്ളവര്‍ക്കും മാത്രമാണ് കുത്തിവെപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുന്‍ഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്‌സിന്‍ ലഭിക്കും.