കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുന്‍പില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഷെഫീഖ് കടം വാങ്ങിയ പണം തിരിച്ചുവാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്ന് അര്‍ജുന്‍ മൊഴിനല്‍കി. എന്നാല്‍ അര്‍ജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വര്‍ണക്കടത്തിലെ മുഖ്യ പ്രതി ഷെഫീഖിനൊപ്പം അര്‍ജുനെ നാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു. കേസില്‍ അര്‍ജുന് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണം കൊണ്ടുവന്ന ഷെഫീഖിന്റെ ഫോണില്‍ നിന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചു. അര്‍ജുനെയും ഷഫീഖിനെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഷെഫീഖിനെ അഞ്ച് ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.
കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണക്കടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കാരിയര്‍ മാത്രമാണ്. 40,000 രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നല്‍കിയത്. സ്വര്‍ണവുമായി വരുമ്പോള്‍ താന്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമെന്ന് അര്‍ജുന്‍ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ഉടനെ ഷര്‍ട്ട് മാറ്റിവരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞു മലയിലെ ഒരു കഷണം മാത്രമാണെന്നും കൂടുതല്‍ പേര് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സലിം എന്നയാള്‍ വഴിയാണ് മുഹമ്മദിനെ പരിചയപ്പെട്ടതെന്നും അതുവഴി അര്‍ജ്ജുനിലേക്കെത്തിയെന്നുമാണ് ഷെഫീഖിന്റെ മൊഴി.