സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി എന്ന് നവവധു

യുപി ബദാവുനില്‍ നിന്നാണ് ഞെട്ടിക്കുന്ന പീഡന വാര്‍ത്തയെത്തുന്നത്. ഇരുപതുകാരിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് മൂന്നാം ദിനം തന്നെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് ആരോപണം. ഇക്കഴിഞ്ഞ 22നായിരുന്നു കോട്വാലി സഹസ്വാന്‍ സ്വദേശിനിയായ യുവതിയുടെ വിവാഹം. വിവാഹശേഷം സഫീര്‍നഗറിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കെത്തുകയും ചെയ്തു. ഇവിടെ വച്ചാണ് ഭര്‍ത്താവും രണ്ടു സഹോദരങ്ങളും ചേര്‍ന്ന് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയതെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിലായിരുന്നു പീഡനം.

സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും കമ്പുകളും മറ്റും ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. ഇതിന് പുറമെ വിഷം ചേര്‍ത്ത പാനീയം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസുമായി സ്ഥലത്തെത്തിയ പിതാവാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളായാഴ്ചയാണ് യുവതി സരീഫ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സ്ത്രീയുടെ വൈദ്യപരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ബുദാവുന്‍ സീനിയര്‍ സൂപ്രണ്ടന്റ് പറയുന്നു.