ജൂണ്‍ 29 ലോക ക്യാമറാ ഡേയ് ; അറിയാം ഉത്ഭവവും ചരിത്രവും

നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നായി മാറി കഴിഞ്ഞു മൊബൈല്‍ ഫോണുകള്‍. സാധാരണ മൊബൈല്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളിലേക്ക് എത്തിയപ്പോള്‍ അതിലെ ക്യാമറ നമ്മുടെ നിത്യജീവിതത്തില്‍ ഒന്നായി മാറി. പണ്ടൊക്കെ അത്ഭുതമായിരുന്ന ക്യാമറ എന്ന സംവിധാനം മാറി എല്ലാവരും ക്യാമറാമാന്‍മാരാകുന്ന പ്രതിഭാസം മൊബൈല്‍ ഫോണിന്റെ ആവിര്‍ഭാവത്തോടെ കൂടിയാണുണ്ടായത്. ഇന്ന് അതായത് ജൂണ്‍ 29 ലോക ക്യാമറാ ദിവസമാണ്. ക്യാമറാദിനം എന്നു തുടങ്ങിയെന്നോ തുടങ്ങാനുണ്ടായ കാരണങ്ങള്‍ എന്താണെന്നോ എന്നത് അജ്ഞാതമാണ്. പക്ഷേ, ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ക്യാമറയെയും ഫോട്ടോഗ്രാഫര്‍മാരെയും അനുസ്മരിക്കുന്ന ദിവസമാണിത്. തീര്‍ച്ചയായും, ഈ ദിവസം പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. എന്നിരുന്നാലും മൊബൈല്‍ ഫോണിന്റെ വരവോടെ ക്യാമറ സാര്‍വത്രികമായി മാറുകയും അതോടു കൂടി ഈ ദിനത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്തു. നമുക്ക് ചുറ്റുമുള്ള ഈ ലോകത്ത് ഇന്ന് ക്യാമറയുടെ സ്വാധീനം നിറം, ജാതി, മതം, പ്രദേശം എന്നിവയെ മറികടക്കുന്നതാണ്.

യഥാര്‍ത്ഥത്തില്‍ ക്യാമറയുടെ ചരിത്രം ഫോട്ടോഗ്രഫിക്ക് മുമ്പു തന്നെ ആരംഭിക്കുന്നുണ്ട്. സാധാരണ ഫോട്ടോഗ്രാഫിക് ക്യാമറയുടെ മുന്നോടിയായിരുന്നു ക്യാമറ ഒബ്‌സ്‌ക്യുറ പതിനൊന്നാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഫോട്ടോഗ്രഫി കണ്ടെത്തുന്നതിന് മുന്നേ ആയിരുന്നു ഇത്. ക്യാമറ ക്രമേണ വലിയ ആകൃതിയുള്ള ഉപകരണങ്ങളായി പരിണമിച്ചു, വാസ്തവത്തില്‍ ഫോട്ടോഗ്രാഫിക് ഫിലിമില്‍ സില്‍വര്‍ ലവണങ്ങള്‍ ഉപയോഗിച്ച് ചിത്രത്തെ പതിപ്പിക്കാനുള്ള കഴിവാണ് ക്യാമറയ്ക്കു പിന്നിലുള്ള അടിസ്ഥാന ശാസ്ത്രം. എന്നിരുന്നാലും 1839ല്‍ ആല്‍ഫോണ്‍സ് ഗിറോക്‌സ് കണ്ടുപിടിച്ചതും വാണിജ്യ നിര്‍മ്മാണത്തിനായി വികസിപ്പിച്ചതുമായ ഡാഗുറോടൈപ്പ് ക്യാമറയാണ് ആദ്യത്തെ ഫോട്ടോഗ്രാഫിക് ക്യാമറ. ഇന്ന്, നമ്മുടെ പോക്കറ്റില്‍ വയ്ക്കാന്‍ കഴിയുന്ന പേന പോലെ ക്യാമറകള്‍ ചെറുതാണ്. കണ്ടുപിടിക്കാന്‍ കഴിയാത്ത പല സവിശേഷതകളും പ്രത്യേകതകളും അവയ്ക്കുണ്ട്.

ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ, ക്യാമറകള്‍ ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഹൈടെക് ഉപകരണങ്ങളായി പരിണമിച്ചു. ഫോട്ടോകള്‍ എടുക്കുന്നത് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പ്രവര്‍ത്തനങ്ങളിലൊന്നായി ഇന്നു മാറിയിരിക്കുന്നു. കൂടാതെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഇവ നല്‍കുന്നു. ക്യാമറ ദിനത്തിന്റെ ഔദ്യോഗിക ചരിത്രത്തെ സംബന്ധിച്ചിടത്തോളം, അതിന്റെ ഉത്ഭവത്തെയും സ്ഥാപകനെയും കുറിച്ചുള്ള വിവരങ്ങള്‍ ഇന്നും അജ്ഞാതമാണ്.

1825-ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോസെഫ് നിക്കോഫോര്‍ നിപ്‌സ് ഒരു ഫോട്ടോ സൃഷ്ടിക്കുന്നതിന് ഏതാണ്ട് എട്ട് മണിക്കൂര്‍ വെളിച്ചം എക്‌സ്‌പോഷര്‍ ചെയ്യേണ്ടതിനുള്ള അച്ചടിവിദ്യ കണ്ടുപിടിച്ചു. അതിനെ ഹീലിയോഗ്രാഫ് എന്നാണ് വിളിച്ചിരുന്നത്. 1839ല്‍ ഡാഗുറോടൈപ്പ് ക്യാമറ കണ്ടുപിടിച്ചത് ലൂയിസ് ജാക്വസ് ഡാഗെറെ ആണ്. ഒരു മെറ്റല്‍ പ്ലേറ്റില്‍ സ്ഥിരമായ ഒരു ഫോട്ടോ സൃഷ്ടിക്കുന്നതിന് വാണിജ്യപരമായി വിജയിച്ച ആദ്യത്തെ ഫോട്ടോഗ്രാഫിക് പ്രക്രിയയായി ഇത് മാറി. 1900 ആയപ്പോഴേക്കും വേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്ന ക്യാമറ പൊതുജനങ്ങള്‍ക്കായി വന്‍തോതില്‍ വില്‍പ്പനയ്ക്കെത്തി. 80, 90 കളില്‍ ക്യാമറകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിച്ചു, നിരവധി കമ്പനികള്‍ ചിത്രങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ സംഭരിക്കുന്ന ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 2000ത്തോടെ നമ്മുടെ മൊബൈല്‍ ഫോണുകളില്‍ ക്യാമറകള്‍ വന്നുതുടങ്ങി.

ക്യാമറ ദിനം എങ്ങനെയാണ് ആഘോഷിക്കുന്നത്? സംശയമുണ്ടല്ലേ? നിങ്ങള്‍ക്ക് പ്രിയങ്കരമായവയുടെ ദൃശ്യങ്ങളെടുത്താണ് ഈ ദിവസം ആഘോഷിക്കുക. ഒരു ഫോട്ടോ സെഷനായി നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിക്കാം. നിങ്ങള്‍ ഒരു പ്രൊഫഷണലാണെങ്കില്‍, ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനങ്ങള്‍ ആരെയെങ്കിലും പഠിപ്പിക്കുക അല്ലെങ്കില്‍ ഒരു ഓണ്‍ലൈന്‍ ക്ലാസ് നടത്തുക. #NationalCameraDay എന്ന ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ ചില ഫോട്ടോഗ്രാഫി ടിപ്പുകളും സൂത്രങ്ങളും പങ്കിട്ടു കൊണ്ട് നിങ്ങള്‍ക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കാനും കഴിയും.