സ്വര്‍ണക്കടത്ത് : ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്

രാമനാട്ടുകര സ്വര്‍ണക്കള്ളക്കകടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കി തന്നെയാണ് എന്ന് കസ്റ്റംസ്. വാട്‌സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. അര്‍ജുന്‍ അന്വേഷണത്തിലൂടെ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു. രണ്ടാഴ്ചത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. അര്‍ജുന്റെ ബിനാമിയാണ് സജേഷെന്നും കസ്റ്റംസ് പറഞ്ഞു .ഷഫീഖിന്റെ പക്കല്‍ കള്ളക്കടത്ത് സ്വര്‍ണമുണ്ടായിരുന്നെന്ന് അര്‍ജുന് അറിയാമായിരുന്നു. ഇക്കാര്യം ഷഫീഖിന്റെ മൊഴിയില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്നാല്‍ കസ്റ്റംസിന്റെ വാദങ്ങള്‍ അര്‍ജുന്‍ ആയങ്കി നിഷേധിച്ചു.

അര്‍ജുന്റെ നാട്ടുകാരനും സുഹൃത്തുമായ റമീസിന് ഷഫീഖ് പതിനയ്യായിരം രൂപ ഷഫീഖ് നല്‍കാനുണ്ടെന്നും ഇത് തിരികെ വാങ്ങാനാണ് താന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയതെന്നുമായിരുന്നു അര്‍ജുന്റെ വാദം. എന്നാല്‍ അര്‍ജുന്റെ മൊഴി അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. അര്‍ജുന്റെ മൊഴി കളവാണെന്നും സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുള്ളതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനു ഹാജരാവും മുന്‍പ് അര്‍ജുന്‍ തന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തി. ഇന്നലെ രാത്രി അറസ്റ്റ് രേഖപെടുത്തിയ അര്‍ജുനെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കും.

ചെമ്പിലോട് ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറിയാണ് സജേഷ്. അര്‍ജുന്‍ ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയിരുന്നു കരിപ്പൂര്‍ എയര്‍പോട്ടില്‍ എത്തിയിരുന്നത്. പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കാണപ്പെട്ടിരുന്നു. പൊലീസ് എത്തുന്നതിനു മുമ്പേ ഇവിടെ നിന്ന് മാറ്റുകയും ചെയ്തു. ഞായറാഴ്ച മറ്റൊരിടത്ത് കാര്‍ കണ്ടെത്തുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് ഇന്നലെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തില്‍ അര്‍ജുന് നിര്‍ണായക പങ്കുണ്ടെന്ന് ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസില്‍ അര്‍ജുന്‍ ആയങ്കി ഹാജരായത്. അര്‍ജുന്‍ ആയങ്കി ഇരുപതോളം തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സി പി എം നേതാക്കള്‍ക്കൊപ്പം അര്‍ജുന്‍ ആയങ്കി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ ഡി വൈ എഫ് ഐയില്‍ നിന്ന് അര്‍ജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു.