പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുത്?’: പരീക്ഷ നിര്‍ത്തിവെക്കണമെന്ന് കെ സുധാകരന്‍
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പരീക്ഷകള്‍ എല്ലാം നിര്‍ത്തി വെക്കണം എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുതെന്നു സര്‍ക്കാര്‍ ചിന്തിക്കണമെന്നും കോവിഡ് നിരക്ക് കുറയാത്ത സാഹചര്യത്തില്‍ പരീക്ഷ നിര്‍ത്തിവയ്ക്കണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തികഞ്ഞ ഏകാധിപത്യ തീരുമാനമാണ് നടപ്പിലാക്കിയത്. വാക്‌സിന്‍ കൊടുത്തിട്ടാണ് പരീക്ഷ നടത്തിയതെങ്കില്‍ കുഴപ്പമില്ലായിരുന്നു. വളരെ ഗൗരവമുള്ള പ്രശ്‌നമാണിത്. മനുഷ്യത്വത്തിന്റെ പേരില്‍, ഇപ്പോള്‍ നടക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണം.
ഏറ്റവുമാദ്യം കോവിഡ് ബാധിച്ച സംസ്ഥാനങ്ങളില്‍ ടിപിആര്‍ താഴേയ്ക്ക് പോയിട്ടും കേരളത്തില്‍ കുറയാതെ നില്‍ക്കുന്നത് സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമല്ലാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പേരു പറഞ്ഞു കോടാനുകോടി രൂപ പിരിച്ചിട്ട്, മുന്‍കരുതലിനും പ്രതിരോധത്തിനുമായി എന്തു ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറുപടിയായി പുച്ഛിച്ചിട്ടു കാര്യമില്ല. തന്റെ സഹോദരന്‍ മരിച്ചത് കോവിഡാനന്തര രോഗം ബാധിച്ചാണ്. എന്നാല്‍ കോവിഡ് മരണത്തിന്റെ കണക്കിലില്ല. അദ്ദേഹത്തിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ആവശ്യമില്ല. എന്നാല്‍ ഇത്തരത്തില്‍ കോവിഡ് മരണത്തിന്റെ കണക്കില്‍പെടാത്ത ആയിരക്കണക്കിന് മരണങ്ങളുണ്ട്. അവരുടെ ആശ്രിതര്‍ക്ക് സഹായധനം ലഭിക്കാന്‍ സര്‍ക്കാര്‍ ഈ മരണങ്ങളില്‍ പുനഃപരിശോധന നടത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.