ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനം

സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂര മര്‍ദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‌ലത്തിനുമാണ് മര്‍ദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍ മര്‍ദിച്ചതെന്ന് പിതാവ് സലീം ആലങ്ങാട് പൊലീസില്‍ പരാതി നല്‍കി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാല് മാസം ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്റെ കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിതാവ് സലീമിനും മര്‍ദനമേറ്റു. വിവാഹ സമയത്ത് പത്തുലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദനമെന്നാണ് സലീം നല്‍കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.