വൈ അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി വൈ അനില്‍കാന്ത് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനില്‍ കാന്തിനു ബാറ്റെന്‍ കൈമാറി. 1988 ബാച്ച് ഐ.പി.എസ് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഡി.ജി.പി വൈ അനില്‍ കാന്ത്. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 33 വര്‍ഷത്തെ സര്‍വീസിനൊടുവിലാണ് കേരള പൊലീസിന്റെ തലപ്പത്തെത്തുന്നത്. കല്‍പറ്റ അഡീഷണല്‍ എസ്.പിയായാണ് സര്‍വ്വീസ് ജീവിതത്തിന്റെ തുടക്കം. ഇടക്കാലത്ത് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയെങ്കിലും വൈകാതെ മടങ്ങിയെത്തി. പിന്നീട് ലഭിച്ചതൊക്കെ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ മേധാവി, ജയില്‍ മേധാവി, ഗതാഗത കമ്മീഷണര്‍ തുടങ്ങി സുപ്രധാന തസ്തികകളിലെ നിയമനമായിരുന്നു. യു.പി.എസ്.സി കൈമാറിയ പേരുകളില്‍ സീനിയോരിറ്റിയില്‍ ജൂനിയറാണെങ്കിലും പ്രധാന ചുമതലകള്‍ വഹിക്കാനായതിന്റെ മുന്‍തൂക്കമാണ് അനില്‍ കാന്തിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കാന്‍ കാരണം. ഒപ്പം വിവാദങ്ങളില്‍ ഉള്‍പ്പെടാത്തതും അനില്‍ കാന്തിന് അനുകൂലമായി.

അപ്രതീക്ഷിതമായിരുന്നു തീരുമാനമെന്നും സ്ത്രീ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അനില്‍ കാന്ത് പ്രതികരിച്ചിരുന്നു. പട്ടികവിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പിയായും പ്രവര്‍ത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു. എ ഡി ജി പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ ഡി ജി പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ ഡി ജി പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.