കോട്ടയത്ത് വീടുകയറിയുള്ള ഗുണ്ടാ ആക്രമണം ; പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളുടെ കുടിപ്പക എന്ന് പോലീസ്

കോട്ടയത്തു വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് പൊലീസ്. ആക്രമണം നടന്നത് പെണ്‍ വാണിഭ കേന്ദ്രത്തിലാണെന്ന് ഇന്നലെ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിനുപിന്നില്‍ ഉള്ള കാരണമെന്തെന്ന് ആദ്യഘട്ടത്തില്‍ പോലീസിന് വ്യക്തമായിരുന്നില്ല. ഇക്കാര്യത്തില്‍ ആണ് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പോലീസ് നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയത്.

അക്രമം പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക മൂലമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. മുന്‍പ് മറ്റൊരു സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടി അവിടെ നിന്ന് മാറി പുതിയ സംഘം തുടങ്ങിയതാണ് പകയ്ക്ക് കാരണമായത്. വീട്ടില്‍ ഉണ്ടായിരുന്ന നാലുപേരും പെണ്‍വാണിഭ സംഘത്തിലെ നടത്തിപ്പുകാര്‍ ആയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു സംഘം വിട്ട് പുതിയ സംഘത്തിലെ നടത്തിപ്പുകാരി തന്നെയായി പെണ്‍കുട്ടി മാറിയതാണ് പകയ്ക്ക് കാരണമായത്. ഡിവൈഎസ്പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് ഗുണ്ടാ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ആക്രമണമുണ്ടായപ്പോള്‍ രണ്ടു സ്ത്രീകള്‍ കൂടി സ്ഥലത്തുണ്ടായിരുന്നു എന്നും ഇവര്‍ ഓടി രക്ഷപ്പെട്ടു എന്നും പൊലീസിന് വിവരം ഉണ്ട്. സ്ഥലത്തെത്തിയ ഗുണ്ടകള്‍ ആരൊക്കെ എന്നത് സംബന്ധിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. സീരിയല്‍ സിനിമാ രംഗത്ത് സഹനടിമാരായി പ്രവര്‍ത്തിച്ചവരും സംഘത്തില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നടത്തിപ്പുകാരിയായ യുവതിക്കും സിനിമാ മേഖലയുമായി ബന്ധമുണ്ട്. ഇവര്‍ക്ക് പൊന്‍കുന്നത്ത് വലിയ രണ്ടുനില വീട് ഉള്ളതായും പൊലീസ് കണ്ടെത്തി. 14 സംഘം തന്നെയാണ് അക്രമം നടത്തിയത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് വിവിധസ്ഥലങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉള്ളതായി ആണ് പോലീസ് എത്തിയിരിക്കുന്ന നിഗമനം. കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.സ്ഥലത്ത് പെണ്‍വാണിഭത്തെ കൂടാതെ നീല ചിത്ര നിര്‍മ്മാണവും നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ മൊഴിയെടുത്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്.

കേസില്‍ പ്രതികളായ പലരും കസ്റ്റഡിയില്‍ ഉണ്ടെന്നും പോലീസ് സൂചന നല്‍കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് ഗര്‍ഭനിരോധന ഉറകള്‍ വന്‍തോതില്‍ കണ്ടതോടെയാണ് അനാശാസ്യകേന്ദ്രം ആണെന്ന് സംശയം ഉയര്‍ന്നത്. ക്യാമറയുടെ ട്രൈപ്പോഡ് മാത്രം സംഭവസ്ഥലത്തുനിന്ന് കിട്ടിയതോടെ ഹണിട്രാപ്പ് എന്ന സംശയവും ഉയര്‍ന്നു. ഇക്കാര്യത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്. ഗുരുതരമായി പരിക്കേറ്റിട്ടും പരാതി ഒന്നുമില്ല എന്ന നിലപാടാണ് വെട്ടു കൊണ്ട ഏറ്റുമാനൂര്‍ സ്വദേശികളായ അമീര്‍ഖാനും സാന്‍ജോസഫും പൊലീസിന് നല്‍കിയ ആദ്യ മൊഴി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. നിരവധി പെണ്‍കുട്ടികളുടെ ചിത്രം ഈ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. പലരുമായും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.