വീണ്ടും കേന്ദ്രം വക ഇരുട്ടടി ; ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 25.50 രൂപ കൂട്ടി
ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നതിനിടെ പാചകവാതക വിലയിലും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക സിലണ്ടറിന് ഇന്ന് 25.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പാചക വാതകവിലയിലെ ഇരുട്ടടി. ജൂണ്‍ മാസം 17 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, ഇന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്. ബുധനാഴ്ചയും ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയാണ് വില വര്‍ധിക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരു- 102.11 / 94.54, ചെന്നൈ- 99.80/ 94.54, കൊല്‍ക്കത്ത- 98.64/ 92.03, ഡല്‍ഹി – 98.81/ 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.