കുഞ്ഞിനെ കൊന്ന സംഭവം ; രേഷ്മയുടെ ആണ്‍സുഹൃത്തിനെ കണ്ടെത്തി ; ചോദ്യം ചെയ്യല്‍ തുടരുന്നു

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പൊലീസ് കണ്ടെത്തിയതായി സൂചന. അനന്ദു എന്ന ഐ.ഡി.യില്‍നിന്നാണ് കണ്ടിട്ടില്ലാത്ത കാമുകന്‍ രേഷ്മയുമായി ചാറ്റുചെയ്തിരിക്കുന്നത്. കാമുകനോടൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. അനന്ദു എന്ന ഫെയ്‌സ്ബുക്ക് ഐ.ഡി.യുമായി ബന്ധപ്പെട്ട് ചിലരെ നിരീക്ഷിച്ചുവരികയാണ് പോലീസ്. വൈകാതെ വലയിലാക്കാന്‍ കഴിയുമെന്ന് എ.സി.പി. പറഞ്ഞു. ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ രേഷ്മയും ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും നടത്തിയ ആശയവിനിമയങ്ങള്‍ ആരുമായാണെന്നു കണ്ടെത്താനാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നത്.

അനന്ദുവെന്നയാളാണ് തന്റെ സുഹൃത്തെന്നും രേഷ്മ പോലീസിനോട് സമ്മതിച്ചിരുന്നു. സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധിയുള്ളയാളാണ് രേഷ്മയെന്ന് പോലീസ് വിലയിരുത്തല്‍. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച ശേഷം അത് പൂര്‍ണമായും ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു രഹസ്യസുഹൃത്തുമായി രേഷ്മ സംസാരിച്ചിരുന്നത്. രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ വിവരങള്‍ വീണ്ടെടുക്കാന്‍ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട്. അതേസമയം രേഷ്മയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും പൊലീസ് ചോദ്യംചെയ്തു. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിനെയും ഇത്തിക്കരയാറ്റില്‍ച്ചാടി ആത്മഹത്യചെയ്ത ആര്യയുടെ ഭര്‍ത്താവും വിഷ്ണുവിന്റെ ജ്യേഷ്ഠനുമായ രഞ്ജിത്തിനെയുമാണ് ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ആറുമണിക്കൂറോളം ചോദ്യംചെയ്തത്.

ചോദ്യംചെയ്യുന്നതിനായി വീണ്ടും ഇവരെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്തിയതിന് രണ്ടുമാസത്തിനുശേഷം വിദേശത്തേക്കു പോയ വിഷ്ണു ഭാര്യയെ അറസ്റ്റ് ചെയ്തതറിഞ്ഞാണ് തിരിച്ചെത്തിയത്. വിഷ്ണു നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ആര്യയെ പാരിപ്പള്ളി പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചത്. പോലീസ് വിളിപ്പിക്കുന്നതിനുമുന്‍പുതന്നെ ആര്യയും ബന്ധു ഗ്രീഷ്മയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. അതിന്റെ കാരണങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.