തിരുവനന്തപുരത്ത് വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം
തിരുവനന്തപുരത്ത് വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം എന്ന് പരാതി. വര്‍ക്കല തിങ്കളാഴ്ച രാത്രി വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ വനിതകള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. യു.കെ, ഫ്രാന്‍സ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വര്‍ക്കല പൊലീസ് സ്റ്റേഷനിലാണ് വനിതകള്‍ പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടക്കാനിറങ്ങിയ തങ്ങള്‍ക്ക് നേരെ ചിലര്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ എട്ട് മാസമായി വര്‍ക്കലയിലെ ഒരു ഹോം സ്റ്റേയിലാണ് മൂന്ന് പേരും താമസിക്കുന്നത്. ഇവര്‍ക്കൊപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.