കാമുകനുമായി ഒളിച്ചോടുന്നതിനിടെ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണാണ് (28) മരിച്ചത്. എംസി റോഡില്‍ കുളനട ജങ്ഷനില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍ എം മന്‍സിലില്‍ അന്‍സില്‍ (24 ) പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവില്‍ വച്ച് ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടിയും അടൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി ഇടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ സുമിത്ര ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സുമിത്ര മരിച്ച വിവരം അറിഞ്ഞ ബന്ധുക്കള്‍ ഞെട്ടലിലാണ്. സുമിത്രയുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെ കുറിച്ച് സുമിത്രയുടെ വീട്ടുകാര്‍ക്ക് അറിവില്ല എന്നത് സംഭവത്തിന്റെ ദുരൂഹത വളര്‍ത്തുന്നു. വീട്ടുകാരറിയാതെ അതിരാവിലെ യുവതി എങ്ങനെ യുവാവിനൊപ്പം പോയ് എന്നതും സംശയം ഉയര്‍ത്തുന്നു. ഒരു കുട്ടിയുടെ മാതാവ് കൂടിയാണ് സുമിത്ര. കമിതാക്കളായ ഇരുവരും ഒളിച്ചോടുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് പൊലിസിന്റെ നിഗമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് യുവാവിനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് പോലീസ്.