കേരളത്തിന് വേണ്ടാത്ത കിറ്റക്‌സിനെ ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കിറ്റക്‌സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. 3500 കോടിയുടെ വ്യവസായ പദ്ധതി നടപ്പാക്കാന്‍ 40 ശതമാനം സബ്‌സിഡി, 10 വര്‍ഷത്തെ തൊഴിലാളികളുടെ ശമ്പളത്തിന്റെ 20% സര്‍ക്കാര്‍ നല്‍കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് തമിഴ്‌നാട് വാഗ്ദാനം ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കിറ്റക്‌സ് ചെയര്‍മാന്‍ സാബു എം ജേക്കബ് പറഞ്ഞു. 35,000 പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന 3500 കോടി രൂപയുടെ പദ്ധതിയായിരുന്നു കിറ്റക്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ സര്‍ക്കാരുമായി താല്‍പര്യപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞു സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനു ശ്രമിക്കുകയായിരുന്നു.
ഇതിനു പിന്നാലെ തുടര്‍ച്ചയായി പല കാരണങ്ങള്‍ പറഞ്ഞു കമ്പനിയില്‍ പരിശോധന നടത്തുവാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്ന് കിറ്റക്‌സ് കമ്പനി തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് കിറ്റക്‌സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത് വന്നത്. പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. ബൗദ്ധിക സ്വത്തവകാശ ചിലവുകള്‍ക്ക് 50 ശതമാനം സബ്സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങള്‍ക്ക് 6000 രൂപയും സാമ്പത്തിക സഹായം, ഗുണ നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ക്ക് 50 ശതമാനം സബ്സിഡി, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ് എന്നിവയെല്ലാം നല്‍കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്.
കേരളത്തിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കിറ്റെക്‌സില്‍ ഒരു മാസത്തിനുള്ളില്‍ നടത്തിയത് 11 പരിശോധനകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചശേഷമാണ് തന്റെ സ്ഥാപനത്തിനു നേരെ ഈ രീതിയില്‍ നടപടികള്‍ ഊര്‍ജിതമായതെന്നും സാബു പറയുന്നു.സംരംഭകരെ കൊടികെട്ടി പായിച്ച പാരമ്പര്യം നമുക്കുണ്ടെങ്കിലും, ആ പഴയ കേരളമല്ല ഇന്ന്. എന്നാല്‍ പുതിയ കേരളത്തിലും പഴയ ഭൂതം വീണ്ടും സട കുടഞ്ഞെഴുന്നേല്‍ക്കുന്നതാണ് കിറ്റെക്‌സിന്റെ അനുഭവം.