അഞ്ച് ഡോളറിനെ ചൊല്ലി തര്‍ക്കം ; ഇന്ത്യന്‍ ഹോട്ടലുടമ യുഎസില്‍ കൊല്ലപ്പെട്ടു
ഇന്ത്യയ്ക്കാരനായ ഹോട്ടലുടമ യുഎസില്‍ വെടിയേറ്റു മരിച്ചു. മുപ്പതുകാരനായ സീഷന്‍ ചൗധരിയെയാണ് ഹോട്ടലില്‍ മുറിയെടുത്ത യുഎസ് പൗരന്‍ വെടിവച്ചു കൊന്നത്. വെര്‍നോണിലെ മോട്ടല്‍ 6 ഉടമയാണ് സീഷന്‍ ചൗധരി. ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൂള്‍ പാസായി പത്ത് ഡോളര്‍ നല്‍കണമെന്നാണ് സീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ചു ഡോളറേ തരൂവെന്ന് വോ പറഞ്ഞു. തര്‍ക്കത്തിനിടെ ഇരുവരോടും ഹോട്ടലില്‍ നിന്നിറങ്ങാന്‍ ഉടമ ആവശ്യപ്പെട്ടു. മുറി പൂട്ടാന്‍ ജോലിക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍ മുറിയിലേക്ക് തിരിച്ചു പോയ വോ തോക്കുമായാണ് തിരിച്ചെത്തിയത്. കുറച്ചു നേരം തര്‍ക്കിച്ച ശേഷം സീഷനു നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കസ്റ്റഡിയിലുള്ള വോ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം അടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു മാസമായി പെണ്‍സുഹൃത്തിനൊപ്പം ഹോട്ടലില്‍ അതിഥിയായി താമസിക്കുന്നയാളാണ് 31 കാരനായ വോ.