സുദീപ് പരാതിപ്പെട്ടു ; പ്രധാനമന്ത്രി ഇടപെട്ടു
സ്വന്തം ലേഖകന്‍
കോവിഡ് വാക്സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ ക്രമീകരണം. തലേ ദിവസം ഏഴു മണിക്ക് ശേഷം വാക്‌സിനേഷനുള്ള സ്ലോട്ട് തേടി ജനം വലഞ്ഞിരിക്കുമ്പോഴാണ് ദൈവദൂതനേപ്പോലെ പ്രധാനമന്ത്രിയുടെ ഇടപെടല്‍. മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും രണ്ടാഴ്ചത്തെ ഓണ്‍ലൈന്‍സ്ലോട്ട് മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയം കേരളത്തിന് നിര്‍ദ്ദേശം നല്‍കി . ഇനി മുതല്‍ അങ്ങനെ സ്ലോട്ട് ലഭ്യമാകും . നവസാങ്കേതിക വിദ്യയില്‍ പ്രാവീണ്യമില്ലാത്ത സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്ലോട്ട് ബുക്കിംഗ് ഒരു പ്രഹേളികയായിരുന്നു. ഏഴുമണിക്ക് ശേഷം കമ്പ്യൂട്ടര്‍ സെന്ററുകളും അക്ഷയയും ഇല്ലാത്തതും അവരെ വലച്ചു. ഇനി സൈറ്റില്‍ കയറിയാല്‍ തന്നെ ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്.
കോട്ടയം ജില്ലയിലെ ബിജേപി കടുത്തുരുത്തി നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് സുദീപ് നാരായണനാണ് ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.പരാതി ശ്രദ്ധയില്‍ പെട്ടയുടന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി ഉണ്ടായി. ജൂലൈ 3 മുതല്‍ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്ക് ജൂലൈ 2 വൈകുന്നേരം അഞ്ചു മുതല്‍ അടുത്ത രണ്ടാഴ്ച്ച ഏതു സമയത്തും ലഭ്യതയനുസരിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും. രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് ആരോഗ്യ വകുപ്പ് സ്ലോട്ട് ബുക്ക് ചെയ്ത് എസ്.എം.എസ് മുഖേന വിവരം നല്‍കും. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണിത്. ലഭ്യമായ വാക്‌സിന്‍ എല്ലാ കേന്ദ്രങ്ങളിലും തുല്യമായി എത്തിക്കും. കൂടുതല്‍ ഡോസ് കിട്ടുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കും. സ്റ്റോക്ക് തീരുന്നതുമൂലം ഏതെങ്കിലും ദിവസം വാക്‌സിനേഷന്‍ നടക്കാതിരുന്നാല്‍ മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി വിവരം അറിയിക്കും. ദീര്‍ഘകാലമായി ജനങ്ങള്‍ നേരിട്ട അസൗകര്യത്തിന് പ്രതിവിധിയുണ്ടായതിലുള്ള സന്തോഷത്തിലാണ് സുദീപ്.സുദീപ് നാരായണന്റെ പരാതിമേല്‍ നടപടി സ്വീകരിച്ചു എന്ന അറിയിപ്പും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സുദീപിന് ലഭിച്ചു.