തിരുവനന്തപുരത്ത് രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്‍ മരിച്ച സംഭവം രാജ്യത്തെ ആദ്യത്തേത്
തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ച സംഭവം രാജ്യത്തെ ആദ്യത്തേത് എന്ന് റിപ്പോര്‍ട്ട് . രാജവെമ്പാലയുടെ കടിയേറ്റ് മനുഷ്യന്‍ മരിക്കുന്നത് തന്നെ രാജ്യത്ത് അപൂര്‍വ്വമാണ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. പാമ്പിന് തീറ്റ നല്‍കി, കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. കേരളത്തില്‍ രാജവെമ്പാല കടിച്ച് മരിച്ച ഒരു കേസ് മാത്രമാണ് ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാധാരണ ഉള്‍ക്കാട്ടില്‍ കഴിയുന്ന രാജവെമ്പാലകള്‍ മനുഷ്യന്റെ സാനിധ്യമറിഞ്ഞാല്‍ തന്നെ മാറി പോകാറാണ് പതിവ്. വലിയ പ്രകോപനം ഉണ്ടായാല്‍ മാത്രമെ രാജവെമ്പാല കടിക്കാറുള്ളു. 20 പേരെ വരേയൊ, ഒരു ആനയെയൊ കൊല്ലാനുള്ള വിഷം ഒറ്റകടിയില്‍ രാജവെമ്പാല പുറത്ത് വിടാറുണ്ട്.
രാജവെമ്പാലയുടെ കടിയേറ്റാല്‍ മരണം ഉറപ്പെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്ത് രാജവെമ്പാല കടിച്ചാല്‍ കുത്തിവയ്‌ക്കേണ്ട ആന്റിവെനം ഇല്ല. അത് കൂടാതെ കൂടുതല്‍ വിഷം കുത്തിവയ്ക്കുന്നതിനാല്‍ 15 മിനിട്ട് കൊണ്ട് മരിക്കാനാണ് സാധ്യത. വിഷം മനുഷ്യന്റെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. രാജനാഗം, കൃഷ്ണനാഗം, കരിനാഗം, ശംഖുമാല എന്നീ പലപേരുകളില്‍ ഇവയെ അറിയപ്പെടുന്നു. മൂര്‍ഖന്‍ പാമ്പുകളുടെ വര്‍ഗത്തില്‍ പെട്ടവായാണ് ഇവയെങ്കിലും മൂര്‍ഖനില്‍ നിന്നും വ്യത്യസ്തമായ ഘടനാ രീതിയാണ് രാജവെമ്പാലയ്ക്കുള്ളത്. ഫണം അല്പം നീണ്ടാണ് കാണപ്പെടുന്നത്. ഇവയുടെ അടിഭാഗം ഇളംമഞ്ഞയും കറുപ്പും കലര്‍ന്ന് അകലമുള്ള പട്ടകളായിട്ടാണ് കാണപ്പെടുന്നത്. മുതുകില്‍ കറുപ്പ് നിറത്തില്‍ ചിത്രപ്പണികളോട് കൂടിയ അകലമുള്ള പട്ടകളും കാണാം.കേരളം, തമിഴ്നാട്, കര്‍ണാടക, ഒഡിഷ, അസാം എന്നീ സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളിലാണ് ഇവയെ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ഈര്‍പവും തണുപ്പും ഇഷ്ടപ്പെടുന്ന ഇവ നിത്യഹരിത വനപ്രദേശങ്ങളിലാണ് കാണാറ്. വയനാട്ടില്‍ തേയില, കാപ്പിത്തോട്ടങ്ങളില്‍ ഇവ ധാരാളമായി കണ്ടുവരുന്നു.
സാധാരണ വന്യ ജീവികള്‍ക്ക് തീറ്റ കൊടുക്കാന്‍ പോകുമ്പോള്‍ രണ്ട് പേര്‍ ഉണ്ടാകാറാണ് പതിവ്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രമേ മൃഗശാലയില്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഒറ്റയ്ക്കാണ് ഹര്‍ഷാദ് പാമ്പിനെ പരിചരിക്കാനായി പോയത്. മ്യൂസിയം പ്രോട്ടോക്കോള്‍ പ്രകാരം ഒറ്റയ്ക്ക് മൃഗങ്ങളെ പരിചരിക്കാന്‍ ജീവനക്കാര്‍ കൂട്ടില്‍ കയറാന്‍ പാടില്ല. കുറഞ്ഞത് രണ്ട് പേര്‍ ഉണ്ടാകണം. ഒരാള്‍ തീറ്റ കൊടുക്കുമ്പോള്‍ രണ്ടാമത്തെ ആള്‍ പരിസരം സുരക്ഷിതമാണൊ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. നാല് ജീവനക്കാരാണ് പാമ്പുകളെ പരിചരിക്കുന്ന ടീമിലുള്ളത്. ഇതില്‍ ഹര്‍ഷാദ് മാത്രമാണ് സ്ഥിരം ജീവനക്കാരന്‍. ഇരുപത് വര്‍ഷത്തോളമായി മ്യൂസിയത്ത് ജോലി ചെയ്യുന്നു. രണ്ട് വര്‍ഷം മുന്‍പാണ് സ്ഥിരം ജോലി ലഭിക്കുന്നത്. കാലങ്ങളായി താല്‍ക്കാലിക ജീവനക്കാരനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടെ ജോലി സ്ഥിരമാക്കാന്‍ ഹര്‍ഷാദിന് സമരം ചെയ്യേണ്ടിയും വന്നിരുന്നു.