സംസ്ഥാന സര്‍ക്കാര്‍ OTT പ്ലാറ്റ് ഫോം തുടങ്ങുന്നത് തെറ്റ് ; കേന്ദ്ര സര്‍ക്കാരിന്റെ നയം മാറ്റാതെ ഇനി സിനിമ ചെയ്യില്ല : അടൂര്‍ ഗോപാലകൃഷ്ണന്‍

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒടിടി പ്ലാറ്റ് ഫോം തുടങ്ങാനുള്ള തീരുമാനം വളരെ വലിയ തെറ്റാണ് എന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. സാംസ്‌കാരിക മന്ത്രിയെ ആരെങ്കിലും തെറ്റുദ്ധരിപ്പിച്ചതാകും. കുറഞ്ഞ ബജറ്റിലെ സിനിമകള്‍ ഒടിടി യില്‍ കാണിച്ച് കളയുന്നത് പോലെ ആകും. ചെറിയ സിനിമകള്‍ ചലചിത്ര വികസന കോര്‍പ്പറേഷന് കീഴിലെ ചെറിയ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണം. അല്ലെങ്കില്‍ ഒടിടി പ്ലാറ്റ്‌ഫോമിലേയ്ക്ക് ഇത്തരം സിനിമകളെ ഒതുക്കുന്നത് പോലെ ആയി പോകുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതുപോലെ ഇപ്പോഴത്തെ അവസ്ഥയില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമില്ല. നിയന്ത്രണങ്ങള്‍ കാരണം സിനിമ എടുക്കാന്‍ പോലും തോന്നുന്നില്ല. കേന്ദ്രം അമിത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സെന്‍സര്‍ബോര്‍ഡ് സിനിമ തടഞ്ഞാല്‍ മുകളില്‍ അപ്പീല്‍ അതോറിറ്റി ഇല്ല. ജനാധിപത്യ വിരുദ്ധമാണ് ഈ തീരുമാനം. അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല എന്നും അടൂര്‍ പറയുന്നു.

സെന്‍സറിംഗ് നടത്തിയ സിനിമകള്‍ വീണ്ടും സെന്‍സര്‍ ചെയ്യുമെന്ന തീരുമാനം ആര്‍ക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനെ പോലും അവര്‍ക്ക് വിശ്വാസമില്ലാത്ത സ്ഥിതി. ആദ്യം അപ്പീല്‍ അതോറിറ്റി ഒഴിവാക്കി. എപ്പോള്‍ വേണമെങ്കിലും സെന്‍സറിംഗ് ചെയ്യാമെന്ന തീരുമാനവും ശരിയല്ല. കേന്ദ്ര നയത്തിനെതിരെ സിനിമക്കാര്‍ ആരും പ്രതികരിക്കുന്നില്ല. ഇപ്പോഴത്തെ സിനിമക്കാര്‍ സര്‍ക്കാരില്‍ നിന്ന് നിരവധി കാര്യങ്ങള്‍ നേടാനുണ്ട്. ഇരിക്കാന്‍ പറഞ്ഞാല്‍ അവര്‍ കിടക്കും. അംഗീകരിക്കാത്തവര്‍ക്കെതിരെ റെയ്ഡ് നടത്തും. അതിനാല്‍ സിനിമാക്കാന്‍ റെയ്ഡും പേടിക്കുന്നുണ്ട്. തനിക്ക് റെയ്ഡ് പേടിയില്ല. റെയ്ഡ് നടത്തിയാല്‍ കുറച്ച് ചൂരല്‍ കസേരകളും, മറ്റ് ഉപകരണങ്ങളുമെ വീട്ടില്‍ നിന്ന് കിട്ടുകയുള്ളു. പിന്നെ എന്നെ കൊണ്ട് പോയിട്ട് വലിയ കാര്യവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കാലത്ത് മികച്ച സിനിമകള്‍ ഉണ്ടാകുന്നു. ദിലീഷ് പോത്തനും സനല്‍കുമാര്‍ ശശിധരനും വിപിന്‍ വിജയുമെല്ലാം മികച്ച സംവിധായകരാണ്. ഇനിയും ഉണ്ട് സംവിധായകരുടെ പട്ടിക. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ് പുതിയ കാലത്തെ സിനിമകള്‍ എന്ന് പറഞ്ഞ അടൂര്‍ സോഷ്യല്‍ മീഡിയയ്ക്ക് താന്‍ ആദ്യമെ എതിരാണ് എന്നും വ്യക്തമാക്കി. സോഷ്യല്‍ മീഡിയ എന്നല്ല, ആന്റി സോഷ്യല്‍ മീഡിയ എന്നാണ് വിളിക്കേണ്ടത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങള്‍ തന്നെ ബാധിക്കാറുമില്ല. ഒടിടി പ്ലാറ്റ് ഫോം ഇല്ല. താല്‍പര്യവുമില്ല. പുതിയ സിനിമകള്‍ കാണമെന്ന് പറഞ്ഞ് ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ ഡിവിഡി എടുത്ത് കാണും. പഴയ കാല സീരിയലുകള്‍ തന്നെയാണ് വെബ് സീരീസുകള്‍. കൂറെ പണം ചെലവഴിക്കുന്നു എന്ന് മാത്രം. അതുകൊണ്ട് വെബ് സീരീസുകള്‍ കാണാറില്ല. വായനയാണ് കൂടുതല്‍ സമയവും എന്നും അദ്ദേഹം പറഞ്ഞു. തന്റെ 80 പിറന്നാള്‍ ദിനത്തില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അടൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.