‘ബ്രൂണോ’ക്ക് ഹൈക്കോടതിയുടെ ശ്രദ്ധാഞ്ജലി : ഹരജിക്ക് അവന്റെ പേരു നല്‍കി

തിരുവനന്തപുരം അടിമലത്തുറയില്‍ കൊല്ലപ്പെട്ട നായക്ക് കോടതിയുടെ ശ്രദ്ധാഞ്ജലി. ഹരജിക്ക് ‘ബ്രൂണോ’ എന്ന പേര് നല്‍കി ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹരജിക്കാണ് നായയുടെ പേര് നല്‍കിയത്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിനെ തുടര്‍ന്നാണ് കോടതി നടപടിയെടുത്തത്. ഹരജി വീണ്ടും ജൂലൈ 13ന് കോടതി പരിഗണിക്കും. രണ്ട് അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിച്ച കോടതി എതിര്‍ കക്ഷികള്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മൃഗസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഉടന്‍ പദ്ധതി തയാറാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

സംസ്ഥാന മൃഗ ക്ഷേമ ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ ജൂലൈ 13ന് അറിയിക്കണം. 2008 ല്‍ രൂപം നല്‍കിയ ബോര്‍ഡിന്റെ മൂന്നു വര്‍ഷമെന്ന കാലാവധി നീട്ടിയിട്ടില്ല. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നതു തടയരുതെന്നും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് അസോസിയേഷനുകളുടെ നിയമാവലിയില്‍ ഇത്തരം വ്യവസ്ഥ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വളര്‍ത്തു നായയെ ചൂണ്ടക്കൊളുത്തില്‍ തൂക്കി അടിച്ച് കൊലപ്പെടുത്തി കടലില്‍ എറിഞ്ഞ വാര്‍ത്ത പുറത്തുവന്നത്. ക്രിസ്തുരാജ് എന്നയാള്‍ വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയാണ് ക്രൂരതയ്ക്കിരയായത്. വിഴിഞ്ഞം അടിമലത്തുറയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ നാട്ടുകാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃഗങ്ങള്‍ക്ക് എതിരെ ഇത്തരത്തിലുള്ള ക്രൂരതകള്‍ ഇപ്പോള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണ്.