ഇടുക്കിയില്‍ ആറു വയസുകാരിയെ ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തി ; അയല്‍വാസി പിടിയില്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആണ് ആറു വയസുകാരിയെ ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ കണ്ണന്‍-പ്രേമലത ദമ്പതികളുടെ ഇളയ മകളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച പകല്‍ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് മൂന്നു മണിയോടെ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഇടുക്കി എസ്പിയുടെ നിര്‍ദേശ പ്രകാരം പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടന്നത്. മരണത്തിനുമുന്‍പ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ അയല്‍വാസിയായ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. പ്രദേശവാസികളെ ചോദ്യം ചെയ്തതില്‍നിന്നാണ് പ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചത്.