ജര്‍മ്മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.പൂഴിക്കോല്‍ മുടക്കാമ്ബുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റേയും ട്രീസ ബെന്നിയുടെയും മകളാണ്. ഒന്‍പതു മാസം മുന്‍പാണ് നാട്ടില്‍ നിന്ന് നികിത മെഡിക്കല്‍ ലൈഫ് സയന്‍സ് ഉപരിപഠനത്തിനായി ജര്‍മനിയിലേക്ക് പോയത്. രാവിലെ നികിതയെ കാണാത്തതിനെത്തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായാണു കീല്‍ പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കുന്നത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജര്‍മ്മനിയിലെ പൊലീസ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങുകയുള്ളുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജര്‍മ്മനിയിലെ കീല്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റില്‍ മെഡിസിന്‍ ലൈഫ് സയന്‍സ് വിദ്യാര്‍ഥിയായിരുന്നു നികിത. ഛത്തീസ്ഗഡില്‍ സൈനിക ആശുപത്രിയില്‍ നഴ്‌സാണ് നികിതയുടെ മാതാവ് ട്രീസ. പിതാവ് ബെന്നിയും സഹോദരന്‍ ആഷിഷും അടങ്ങുന്ന കുടുംബം ഛത്തീസ്ഗഡിലാണ് താമസം.