പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പഴുക്കാകാനത്ത് നാട്ടുകാര്‍ തടഞ്ഞു (വീഡിയോ)
പാലാ നിയോജക മണ്ഡലത്തിലെ പഴുക്കാകാനത്തെത്തിയ ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയറെയും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും പഞ്ചായത്ത് മെമ്പര്‍ ജിന്‍സി ഡാനിയേലും നാട്ടുകാരും തടഞ്ഞു. നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ മുക്കികൊണ്ട് പഴുക്കാകാനത്തിന് മുകളില്‍ ഡാം നിര്‍മ്മിക്കുവാനുള്ള അപ്രായോഗിക തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ ചീഫ് എഞ്ചിനീയറെ അറിയിച്ചു. പാലാ നിയോജക മണ്ഡലത്തിലെ എംഎല്‍എയെയും ഇതിനുമുമ്പ് ജലസേചന വകുപ്പിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ മുന്‍കൈയെടുത്ത ജില്ലാ പഞ്ചായത്ത് അംഗത്തെയും അറിയിക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് അയല്‍പക്ക നിയോജക മണ്ഡലത്തിലെ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ സംഘത്തോടൊപ്പം മന്ത്രി അയച്ചത്.
കഴിഞ്ഞ ദിവസം മീനച്ചില്‍ റിവര്‍ വാലി പദ്ധതിയുടെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഷോണ്‍ ജോര്‍ജ്ജ് പങ്കെടുത്തതില്‍ ഉദ്യോഗസ്ഥരെ ജോസ് കെ മാണി ശാസിച്ചിരുന്നു. ഞങ്ങളുടെ ജനപ്രതിനിധികളെ മനപ്പൂര്‍വ്വം ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതികള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. രൂക്ഷമായ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്ത് വന്നതോടെ ഉദ്യോഗസ്ഥ സംഘവും അയല്‍പക്ക എംഎല്‍എയും പഴുക്കാകാനാത്ത് നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ജോസ് കെ മാണിയുടെ നിര്‍ദേശ പ്രകാരമാണ് പൂഞ്ഞാര്‍ എം എല്‍ എ ആയ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എത്തിയത് എന്നും ആരോപണം ഉണ്ട്.