കോവിഡില്‍ ജോലി നഷ്ടപ്പെട്ടു കേരളത്തില്‍ തിരികെ എത്തിയ പ്രവാസികള്‍ 10.45 ലക്ഷം

കോവിഡ് കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത് 15 ലക്ഷം പ്രവാസികള്‍. ഇതില്‍ 10.45 ലക്ഷം പേര്‍ തൊഴില്‍ നഷ്ടമായാണ് തിരിച്ചെത്തിയത് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നാട്ടിലെത്തിയവരില്‍ എത്ര പേര്‍ തിരിച്ചുപോയി എന്നതില്‍ വ്യക്തതയില്ല. നോര്‍ക്ക(ഡിപാര്‍ട്മെന്റ് ഓഫ് നോണ്‍ റസിഡന്‍ഡ് കേരളൈറ്റ് അഫയേഴ്സ്)യുടെ കണക്കുപ്രകാരം 14,63,176 പേരാണ് ഇക്കാലയളവില്‍ കേരളത്തില്‍ മടങ്ങിയെത്തിയത്. ഇതില്‍ എഴുപത് ശതമാനം പേരുടെയും (10,45,288) മടക്കയാത്രയ്ക്ക് കാരണം തൊഴില്‍ നഷ്ടമാണ്. 2.90 ലക്ഷം പേര്‍ വിസാ കാലവധി തീര്‍ന്നതു കൊണ്ടാണ് നാട്ടിലെത്തിയത്. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് മറ്റുള്ളവര്‍.

കേരളത്തില്‍നിന്നുള്ള 20 ലക്ഷത്തിലധികം പേരാണ് വിദേശത്തു ജോലി ചെയ്യുന്നത്. പ്രധാനമായും പശ്ചിമ ഏഷ്യന്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ വരുമാനമാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. 2020 മെയ് ആദ്യ വാരം മുതല്‍ ഡിസംബര്‍ 31 വരെ 8.40 ലക്ഷം പ്രവാസികളാണ് തിരിച്ചെത്തിയത്. അടുത്ത ആറു മാസത്തില്‍ തിരിച്ചെത്തിവരുടെ എണ്ണം ഇരട്ടിയായി. ജൂണ്‍ 18 വരെ 14.63 ലക്ഷം പേരാണ് മടങ്ങിയെത്തിയത്. തിരിച്ചെത്തിയവരില്‍ 96 ശതമാനവും യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. യുഎഇയില്‍നിന്നു മാത്രം 8.67 ലക്ഷം പേര്‍ തിരികെയെത്തി. മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് 55,960 പേര്‍ മാത്രമാണ് തിരിച്ചെത്തിയത്. പ്രവാസിപ്പണത്തില്‍ ചലിച്ച നാട്ടിലെ സമ്പദ് ഘടനയെ തിരിച്ചുവരവുകള്‍ ബാധിക്കുമെന്ന് തീര്‍ച്ചയാണ്. സംസ്ഥാന ജിഡിപിയുടെ ഇരുപത് ശതമാനത്തോളം പ്രവാസികള്‍ അയക്കുന്ന പണമാണ് എന്നാണ് കണക്ക്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ വന്‍കുറവുണ്ടാകുമെന്ന് നേരത്തെ ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രവാസിപ്പണത്തില്‍ 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടാകുക എന്നാണ് സ്വിസ് ബാങ്കിങ് ഗ്രൂപ്പായ യുബിഎസ് പ്രവചിച്ചിരുന്നത്. ബാങ്കുകളിലെ പ്രവാസി നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്ന സാഹചര്യവും പ്രതീക്ഷിക്കപ്പെടുന്നു. ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം. ഇത് ബാങ്കുകളിലും പ്രതിസന്ധിയുണ്ടാക്കും. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തിരിച്ചു പോകാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ വിശദമായ പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിസിന്റെ മൈഗ്രേഷന്‍ മോണിറ്ററിങ് സ്റ്റഡിയുടെ കണക്കുപ്രകാരം 1991 മുതല്‍ 2008 വരെയുള്ള തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 1991ല്‍ ഇത് 3025 കോടി രൂപയായിരുന്നു എങ്കില്‍ 2008ല്‍ ഇത് 43,288 കോടി രൂപയാണ്. തൊണ്ണൂറു ശതമാനം പ്രവാസികള്‍ കഴിയുന്ന ഗള്‍ഫില്‍ നിന്നാണ് ഇത്രയും വലിയ തുക കേരളത്തിലെത്തിയത്. 2008ലെ കണക്കുകള്‍ മാത്രം എടുക്കുമ്പോള്‍ ഒരു കുടുംബത്തിലേക്ക് ശരാശരി വിദേശത്തു നിന്ന് എത്തിയ പണം 57,227 രൂപയാണ്.