ആത്മാഭിമാനമുണ്ടെങ്കില്‍ ജോസ് കെ മാണി എല്‍ഡിഎഫ് വിടണം : പി.സി ജോര്‍ജ്

കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫ് പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പി.സി. ജോര്‍ജിന്റെ പ്രതികരണം. കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാട്. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ. മാണി ചേര്‍ന്നത് തന്നെ അപമാനകരമാണ്.

പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ പോയി പറഞ്ഞ സി.പി.എമ്മിനൊപ്പം ഇനി നില്‍ക്കില്ലെന്നാണ് ജോസ് കെ. മാണി തീരുമാനിക്കേണ്ടത്. അതിനുള്ള ധാര്‍മിക ഉത്തരവാദിത്തം ജോസ് കെ. മാണിക്കുണ്ട്. കെ.എം മാണിയോട് സ്‌നേഹമുള്ള പ്രവര്‍ത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറാവണം. അല്ലാത്തപക്ഷം കെഎം മാണി അഴിമതിക്കാരനാണെന്ന് ജോസ് കെ മാണി സമ്മതിക്കുകയാണെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാനമായ ആവശ്യം ഉന്നയിച്ചു. കെ.എം. മാണിയോട് ആദരവുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരണമോ എന്ന് അവര്‍ ആലോചിക്കണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) ഘടകകക്ഷിയായ സര്‍ക്കാറിന്റെ അഭിഭാഷകനാണ് ഇന്ന് സുപ്രീം കോടതിയില്‍ കെ.എം. മാണി അഴിമതിക്കാരനാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന് കെ.എം. മാണിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ അവരൊരു രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം.മാണി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ അഴിമതിക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും കെ.എം. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീനുണ്ടെന്ന് പറഞ്ഞവരാണ് കേരളത്തിലെ സിപിഎം. ആ കെ.എം. മാണിയുടെ മകന്റെ പാര്‍ട്ടിയെ ചുവപ്പ് പരവതാനി വിരിച്ച് അവര്‍ മുന്നണിയിലേക്കെടുത്തു.  ഇതുവരെയുണ്ടായിരുന്ന രീതി സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ ആദര്‍ശത്തിന്റെ പുണ്യവാളന്‍മാരും പുറത്തുനില്‍ക്കുമ്പോള്‍ അഴിമതിക്കാരുമാക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കൂടെ നിര്‍ത്തിയിട്ടും കെ.എം മാണിയെ അപമാനിക്കുന്ന സമീപനമാണ് സിപിഎം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.