നിയമസഭയിലെ കയ്യാങ്കളി ; കേരള സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി
നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. വിഷയം കൂടുതല്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിയില്‍ എന്തൊക്കെയാണുള്ളതെന്ന് ആദ്യം പരിശോധിക്കണം. അതിനു ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു. ബജറ്റ് അവതരണം തടസപ്പെടുത്താനാണ് എം.എല്‍.എ മാര്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇക്കാര്യം പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഈ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെടാന്‍ സര്‍ക്കാരിന് നിയമപരമായ അവകാശമില്ല.
പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇക്കാര്യവും വിശദമായി പഠിക്കണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. എം.എല്‍.എമാരെ ഏഴ് ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നുവെന്ന് സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയെ അറിയിച്ചു എം.എല്‍.എമാരുടേത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കോടതി പറഞ്ഞു. കയ്യാങ്കളിയുടെ സന്ദേശമെന്തെന്നും കോടതി ചോദിച്ചു. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ആറ് എംഎല്‍എമാരുടെയും അപ്പീലുകള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. എന്ത് സന്ദേശമാണ് നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും നേതാക്കള്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജസ്റ്റിസ് എംആര്‍ ഷാ ചോദിച്ചു. ബജറ്റ് തടസപ്പെടുത്താനാണ് എംഎല്‍എമാര്‍ ശ്രമിച്ചത്. എംഎല്‍എമാരുടെ പ്രവൃത്തി അംഗീകരിക്കാനാവില്ല. മൈക്ക് വലിച്ചൂരു തറയിലെറിഞ്ഞ എംഎല്‍എ വിചാരണ നേരിടുക തന്നെ വേണമെന്നും കോടതി നിരീക്ഷിച്ചു.