ജനവാസ കേന്ദ്രത്തില്‍ ഡാം അനുവദിക്കില്ല : ഷോണ്‍ ജോര്‍ജ്

പാലാ : ജനവാസ കേന്ദ്രമായ പഴുക്കാക്കാനത്ത് നൂറുകണക്കിന് വീടുകളെ വെള്ളത്തില്‍ മുക്കി ക്കൊണ്ട് ഡാം നിര്‍മാണം അനുവദിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്. ഇത്രയേറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള ഈ പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് നേരത്തെ തന്നെ ഉപേക്ഷിച്ചതാണ്. പദ്ധതി നടപ്പാക്കുന്നത് കൊണ്ട് വെള്ളപ്പൊക്കം തടയുകയാണ് ലക്ഷ്യമെങ്കില്‍ നിര്‍ദ്ദിഷ്ഠ പദ്ധതി പ്രദേശത്തിന് ഏതാനും മീറ്ററുകള്‍ താഴേക്കു മാറി ഡാം നിര്‍മ്മിച്ചാല്‍ പൂര്‍ണമായും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനും ഡാം നിര്‍മ്മാണത്തിന്റെ ഉദ്ദേശം നിറവേറ്റാനും കഴിയുമെന്നും ഷോണ്‍ പറയുന്നു.

ഈ നിര്‍ദ്ദേശം താന്‍ നേരത്തെ തന്നെ മുന്നോട്ടു വച്ചത് കൊണ്ടായിരിക്കാം തന്നെയും സ്ഥലം എംഎല്‍എയെയും ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദര്‍ശനത്തില്‍ നിന്നും ഒഴിവാക്കി സമീപ നിയോജക മണ്ഡലത്തിലെ എംഎല്‍എയെ നിയോഗിച്ചത്.ഇത് അങ്ങേയറ്റത്തെ തരംതാഴ്ന്ന രാഷ്ട്രീയമായി പോയെന്നും ഷോണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. മീനച്ചിലാറിന്റെ സംരക്ഷണവും കോട്ടയം ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശശുദ്ധിയും ഉണ്ടെങ്കില്‍ എറണാകുളം ജില്ലയിലെ വ്യവസായ ലോബിയുടെ എതിര്‍പ്പ് മറികടന്ന് മലങ്കര ഡാമില്‍ നിന്നുള്ള തുരങ്ക പദ്ധതി നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ജലസേചന വകുപ്പ് മന്ത്രി കാണിക്കണം. പൂഞ്ഞാര്‍,പൂഞ്ഞാര്‍ തെക്കേക്കര,തിടനാട്, ഈരാറ്റുപേട്ട പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയുടെ വിശദമായ പദ്ധതിരേഖ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും പൂഞ്ഞാര്‍ എംഎല്‍എ കുറച്ചുകൂടി കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കാന്‍ പക്വത കാണിക്കണമെന്നും ഷോണ്‍ പറഞ്ഞു.