മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; 2000 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു

മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അഫ്ഗാനിസ്ഥാനില്‍ നിന്നും മുംബൈ ലഹരി വിപണികളില്‍ വില്‍പനയ്ക്ക് എത്തിച്ച 2000 കോടി രൂപയുടെ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനിലെ ചബഹാര്‍ തുറമുഖം വഴിയാണ് ഈ മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ചത്. നവ സേവ തുറമുഖത്താണ് സംഭവം. ആറ് ബാഗുകളിലായി 293.81 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ടാല്‍ക്ക് സ്റ്റോണുകളാണ് എന്ന പേരില്‍ വന്ന കണ്ടെയ്നറുകളിലെ 350 ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ആറ് ബാഗുകളില്‍ നിന്നായി ഹെറോയില്‍ കണ്ടെത്തിയത്.നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്ററും നവ സേവ കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2 കണ്ടെയ്നറില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തത്.

പഞ്ചാബിലെ ടരണ്‍ ടരണിലെ സന്ധു എക്സ്പോര്‍ട്ട്സാണ് ഇത് ഇറക്കുമതി ചെയ്തത്. സ്ഥാപനത്തിന്റെ മേധാവി പ്രഭിജിത്ത് സിംഗിനെയും ഇയാളുടെ രണ്ട് സഹായികളെയും അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഭിജിത്തിന്റെ കുടുംബത്തിന്റെ പെട്ടെന്നുള്ള സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്രഭ്ജിത്തിന്റെ കുടുംബത്തിന് നാല് ഏക്കര്‍ ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ കാര്യമായ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതിന്റെ ഉറവിടം അന്വേഷിക്കുമെന്നും പഞ്ചാബ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി പ്രഭിജിത് ഒരു കാര്‍ഷിക ഇനങ്ങളുടെ സ്റ്റോര്‍ നടത്തിവരികയാണെന്നും വ്യാപാരത്തിനായി തുറന്നുകൊടുക്കുത്തിരുന്നതുവരെ പാക്കിസ്ഥാനില്‍ നിന്ന് അട്ടാരി-വാഗ അതിര്‍ത്തി വഴി ടാല്‍ക്കും ജിപ്‌സവും ഇറക്കുമതി ചെയ്തിരുന്നതായും പഞ്ചാബ് പൊലീസ് അറിയിച്ചു. ഈ വ്യാപാര വഴിയില്‍ വ്യാപാരം നിര്‍ത്തിവച്ചതിനാല്‍ കടല്‍ മാര്‍ഗം ഇറാന്‍ വഴി വ്യാപാരം നടത്തിവരികയായിരുന്നു.