ഓണത്തിന് എല്ലാവര്‍ക്കും സ്പെഷ്യല്‍ കിറ്റ്
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനമായി. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. എത്ര ഇനം സാധനങ്ങള്‍ നല്‍കുമെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കിറ്റിനായി 450 കോടി രൂപയിലധികം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിആര്‍ അനില്‍ പറഞ്ഞു.
ഓണത്തിന് 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സ്‌പെഷ്യല്‍ കിറ്റ് നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എത്രയിനം സാധനങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ നാളെ സപ്ലൈക്കോ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും ജി.ആര്‍ അനില്‍ പറഞ്ഞു. കൂടാതെ മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിനു 20 ലക്ഷം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ്. ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഒപ്പം 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും.
കൊവിഡ് ബാധിച്ച് മരിച്ച ഓട്ടോഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ടട്ടുവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനും ജീവനോപാധിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു. നിയമസഭാ സമ്മേളനം 21 മുതല്‍ നടത്താനും തീരുമാനമായി. നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി.