ഉന്നാവോയും, കത്വായും പോലേയല്ല വാളയാറും, വണ്ടിപെരിയാറും. “തീവ്രത കുറഞ്ഞവ”

ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് വണ്ടിപെരിയാറില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊച്ചുകുട്ടിയെ തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച ശേഷം പീഡന വിവരം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയ സംഭവം.

സാംസ്‌കാരിക നായകരും, സെലിബ്രിറ്റികളും മാധ്യമങ്ങളും ഈ പൈശാചിക പ്രവര്‍ത്തിയെ തീവ്രത കുറഞ്ഞ പീഡനവും, തീവ്രത കുറഞ്ഞ കൊലപാതകവുമായി കാണുന്നു എന്നതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ബി.ജെ.പി, ആര്‍.എസ്സ്.എസ്സ് ചായ്വുള്ള സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വിഷയത്തെ രാഷ്ട്രീയ വിഷയമായി തന്നെ ഏറ്റെടുത്തതോടെ പ്രധിരോധത്തിലായത് ഇടത് ട്രോള്‍ പേജുകളും, മാധ്യമങ്ങളും, സാംസ്‌കാരിക നായകരും, സെലിബ്രിറ്റികളുമാണ്. നോര്‍ത്ത് ഇന്ത്യയില്‍ എന്ത് സംഭവിച്ചാലും അതോര്‍ത്ത് കരയുന്നവര്‍ എന്തേ കേരളമണ്ണില്‍ ഇത്രയും മൃഗീയമായ സംഭാവമുണ്ടായിട്ടും പ്രതികരിക്കാത്തത് എന്ന ചോദ്യം പൊതുമണ്ഡലത്തില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പാലക്കാട് രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ കെട്ടി തൂക്കിയ വിഷയത്തിലെ മൗനം പോലെ വണ്ടിപെരിയാര്‍ വിഷയത്തിലും പ്രതിസ്ഥാനത്ത് ഇടത്പക്ഷ പ്രവര്‍ത്തകനായതാണോ എന്നതാണ് ചോദ്യം.

കത്വ ബലാത്സംഗ കേസ് ?

ജമ്മുവില്‍ കത്വയില്‍ രാസന എന്ന ഗ്രാമത്തില്‍ എട്ട് വയസുള്ള കുട്ടിയെ അമ്പലത്തില്‍ തടവില്‍ വെച്ച് കൂട്ടബലാസംഘത്തിനിരയാക്കി കൊലപ്പെടുത്തിയ കേസാണിത്. കൊലചെയ്യപ്പെട്ട ആസിഫ ബാനു ബക്ര്‍വാള്‍ സമുദായത്തില്‍ അംഗമായിരുന്നു. നാടോടോകളായ ഇവരെ അവിടെനിന്ന് ആട്ടിയോടിക്കുക എന്ന ഉദ്ദേശത്തില്‍ നടത്തിയ കൊലപാതകമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ പാന്തേര്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മറ്റു പ്രാദേശിക സംഘങ്ങളുമായി ചേര്‍ന്നുള്ള പ്രതിഷേധപ്രകടനത്തില്‍ ബി.ജെ.പി. മന്ത്രിമാര്‍ പങ്കെടുക്കുകയും പിന്നീട് അവര്‍ രാജിവെക്കേണ്ടിയതുമായി വന്നു. ആറുപേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കേസില്‍ മൂന്ന്‌പേര്‍ക്ക് ജീവപര്യന്തവും, മൂന്നുപേര്‍ക്ക് അഞ്ച് വര്‍ഷം തടവും വിധിച്ചു.

ഉന്നാവോ ബലാത്സംഗ കേസ് ?

ഉന്നാവോയില്‍ 17 വയസ്സുകാരിയെ കൂട്ട ബലാല്‍തസംഘത്തിനിരയാക്കിയ ഈ കേസില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറാണ് പ്രതിസഥാനത്ത്. 2017 ജൂണില്‍ 4 ന് ബലാത്സംഗത്തിനിരയായത്. ബലാത്സംഘത്തെ അതിജീവിച്ച കുട്ടി 2018 ഏപ്രിലില്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ ആത്മാഹത്യക്ക് ശ്രമിച്ചതോടെ സംഭവം പൊതുജന ശ്രദ്ധ പിടിച്ച് പറ്റുകയും, ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ കാലയളവില്‍ നടന്ന കത്വ കേസിലുമിരയായ കുട്ടിയ്ക്കും നീതി ലഭിക്കാന്‍ സംയുകത പ്രതിഷേധങ്ങളും നടന്നു.

ഉന്നാവോ ബലാത്സംഘകേസില്‍ ഇരയായ കുട്ടിയുടെ പിതാവ് കൊലചെയ്യപെടുകയും, 2019 ജൂലൈ 28ന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി യാത്ര ചെയ്ത വാഹനം ട്രക്കിടിച്ച് ഗുരുതര പരിക്കിനും, രണ്ട് ബന്ധുക്കളുടെ മരണത്തിനുമിടയാക്കി.

വാളയാര്‍ ബലാത്സംഗ കേസില്‍ ഉള്‍പ്പടെ നാലുകേസിലും പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലമാണ് ഈ കേസുകള്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നതിന് ഇടയാക്കിയത്. ഈ രാഷ്ട്രീയ പശ്ചാത്തലവും അധികാരവും ഏത് കുറ്റക്ര്യത്യത്തില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ പ്രാപ്തമാണെന്ന് ഓരോ പ്രതികളും ഉറച്ച് വിശ്വസിക്കുന്നു. അവിടെയാണ് കുറ്റകൃത്യത്തെ രാഷ്ട്രീയവുമായി കൂട്ടി വായിക്കാന്‍ ഇടവരുത്തുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് വാളയാര്‍ കേസിലായാലും, വണ്ടിപ്പെരിയാര്‍ വിഷയത്തിലായാലും തങ്ങള്‍ അനുകൂലിക്കുന്ന പക്ഷത്തിനനുസരിച്ച് മൗനം പലരും സ്വീകരിക്കുന്നത്. ഈ നാല് കേസുകളിലും ഒരേ കാഴ്ചപ്പാടോടെ പ്രതികരിക്കാന്‍ ആര്‍ജ്ജവമുള്ള ഒരു വ്യക്തിയെപോലും നമുക്കിടയില്‍ ഇല്ല എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

‘രാഷ്ട്രീയ, മത, സാമുദായിക അടിമത്വം’ പേറുന്ന സമൂഹത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി ഓരോ സാംസ്‌കാരിക നായകരുടെയും, സെലിബ്രിറ്റികളുടെയും പ്രതികരണങ്ങളെ കാണുവാന്‍ എല്ലാവര്‍ക്കും കഴിഞ്ഞാല്‍ പിന്നെന്തിനാണ് അവരുടെ പ്രതികരണത്തെ കാത്ത് സമയം കളയുന്നത്. അവര്‍ അവര്‍ക്ക് സൗകര്യമുള്ളപ്പോള്‍ പ്രതികരിക്കട്ടെ.