തിരുവനന്തപുരത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് ആദ്യം

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ആണ് പതിമൂന്ന് പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വരുന്നത്. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവര്‍ക്കാണ് രോഗബാധ. കേരളത്തില്‍ ആദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അധികവും ആരോഗ്യപ്രവര്‍ത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഗര്‍ഭിണികള്‍ക്ക് രോഗബാധയുണ്ടായാല്‍ ഗുരുതരമായേക്കാം.

ഈഡിസ് കൊതുക് വഴിയാണ് വൈറസ് ബാധയുണ്ടാകുന്നത്. പനിയും ചുവന്ന പാടുകളുമാണ് രോഗലക്ഷണം. രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതിലൂടെയാണ് രോഗബാധ അറിയുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സയില്ല. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ടു മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്നു മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.