സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് നടപ്പാക്കുന്നില്ല : ഹൈക്കോടതി
സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിലും കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. സ്ത്രീധന പീഡന പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയമം കര്‍ക്കശമാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിനിയും വിദ്യാഭ്യാസ വിദഗ്ദയുമായ ഡോക്ടര്‍ ഇന്ദിര രാജന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
സംസ്ഥാനത്ത് വിസ്മയ കേസടക്കം നിരവധി സ്ത്രീപീഡന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍.
ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിക്കണം, ഇരകളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, വിവാഹ സമയത്തോ അനുബന്ധമായോ നല്‍കുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷന്‍ നടത്താവൂ തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേരളത്തില്‍ സ്ത്രീധന-ഗാര്‍ഹിക പീഡനകേസുകളും വിവാഹ ശേഷമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജിയിലെന്നും വ്യക്തമാക്കി. സ്ത്രീധനത്തിനും ആര്‍ഭാട വിവാഹങ്ങള്‍ക്കും എതിരായ പ്രചാരണവുമായി സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഇതിന് മുന്നോടിയായി നിലവിലുള്ള സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച കമ്മീഷന്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 1961-ലെ സ്ത്രീധന നിരോധന ആക്റ്റ് വകുപ്പ് 3 ഉപവകുപ്പ് 2-ല്‍ വിവാഹ സമയത്ത് വധൂവരന്മാര്‍ക്ക് നല്‍കുന്ന സമ്മാനം സ്ത്രീധനമായി കരുതപ്പെടുന്നതല്ലെന്ന് പറയുന്നു. സമ്മാനം നല്‍കുന്നു എന്ന വ്യാജേന കേരളത്തിലെ വിവാഹങ്ങളില്‍ പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണ് നടക്കുന്നത്. അപ്രകാരം ഒരു വിവാഹം നടന്നാല്‍ സ്ത്രീധന നിരോധന ആക്റ്റ് പ്രകാരമുള്ള കുറ്റം ചുമത്തി കേസ് ചാര്‍ജ് ചെയ്യുന്നുമില്ല.
എന്നാല്‍, വിവാഹിതയായ സ്ത്രീയ്ക്ക് ജീവഹാനി സംഭവിച്ചതിനു ശേഷം മാത്രമാണ് ഈ വകുപ്പ് തന്നെ ചുമത്തുന്നുവെന്നതാണ് സാഹചര്യം ഇത്രയും ദുരന്തപൂര്‍ണമാക്കുന്നതും കൂടുതല്‍ പേരെ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതുമെന്ന് കമ്മീഷന്‍ വിലയിരുത്തി. 1985-ലെ സ്ത്രീധന നിരോധനം (വധുവിനും വരനും ലഭിക്കുന്ന സമ്മാനങ്ങള്‍ അടങ്ങിയ പട്ടിക പരിപാലിക്കുന്ന) ചട്ടങ്ങള്‍, ചട്ടം 5 ആയി ‘വിവാഹത്തിന് സമ്മാനം കിട്ടിയവയുടെ ലിസ്റ്റ് തയാറാക്കി വരന്റെയും വധുവിന്റെയും, കൂടാതെ അവര്‍ രണ്ടു പേരുടെയും മാതാപിതാക്കളുടെ/രക്ഷാകര്‍ത്താക്കളുടെ കൈയ്യൊപ്പോടെ ഒരു നോട്ടറിയുടെ മുമ്പാകെ സാക്ഷ്യപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതു സംബന്ധിച്ച സത്യവാങ്മൂലം വധുവിന്റെ മാതാപിതാക്കള്‍/രക്ഷാകര്‍ത്താക്കള്‍ ബന്ധപ്പെട്ട സ്ത്രീധന നിരോധന ഓഫീസര്‍ക്ക് കൈമാറാവുതാണ്’ എന്ന് ചേര്‍ക്കണമെന്ന് കമ്മീഷന്‍ നിയമഭേദഗതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.