കുതിച്ചുയര്‍ന്ന് കിറ്റക്സ് ഓഹരി വില ; തന്നെ ആട്ടി പായിക്കുന്നതാണ് എന്ന് സാബു ജേക്കബ്
തെലങ്കാനയില്‍ 3500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കിറ്റക്സിന്റെ ഓഹരി വിലയില്‍ വന്‍ വര്‍ധന. മണിക്കൂറുകള്‍ കൊണ്ട് 19.97 ശതമാനം വര്‍ധനയാണ് കിറ്റക്സ് ഗാര്‍മെന്റ്സിന്റെ ഓഹരിയില്‍ ഉണ്ടായത്. വെള്ളിയാഴ്ച 117 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കാണിത്. കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റക്‌സ് ഓഹരി വില നേരത്തെ 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു. 3500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ ഹൈദരാബാദിലാണ് ഉള്ളത്. തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യവിമാനത്തിലാണ് സാബുവും സംഘവും യാത്ര തിരിച്ചത്.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് തെലങ്കാനയിലേക്ക് പോകുന്നതിന് മുന്‍പും സാബു ജേക്കബ് പറഞ്ഞു. തെലുങ്കനയിലേക്ക് താന്‍ തനിയെ പോകുന്നതല്ല, ആട്ടി പായിക്കുന്നതാണ്. ഒരിക്കലും കേരളം വിട്ടു പോകണം എന്ന് ആഗ്രഹിച്ചിട്ടില്ല. പിടിച്ചു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. നിരവധി പേര്‍ ജോലി തേടി മറ്റു നാടുകളിലേക്ക് പോകുന്നുണ്ട്. ഇത്തരത്തില്‍ പോയാല്‍ കേരളം പ്രായമായ അച്ഛനമ്മമാരുടെ മാത്രം സംസ്ഥാനം ആയി മാറും. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ യാത്ര ആരോടുമുള്ള പ്രതിഷേധം അല്ല. ഇതില്‍ വേദനയും വിഷമവും ഉണ്ട്. സര്‍ക്കാരിനെ സമ്മര്‍ദത്തില്‍ ആക്കാനല്ല ഈ യാത്ര. സര്‍ക്കാരുമായി ചര്‍ച്ചക്ക് ഇനിയും തയ്യാറാണ്. പക്ഷെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ നിലവിലുള്ള വ്യവസായങ്ങളും കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നല്‍കി.
3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തെലുങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു കിറ്റക്‌സ് എം ഡി സാബു എം ജേക്കബിനെ ഫോണില്‍ വിളിച്ചിരുന്നു. നിക്ഷേപ പദ്ധതി തെലുങ്കാനയില്‍ നടപ്പാക്കിയാല്‍ സബ്‌സിഡി അടക്കം വന്‍ ഇളവുകള്‍ ആണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. തെലുങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബ് നേതൃത്വത്തിലുള്ള ആറംഗസംഘം ഹൈദരാബാദിലെത്തിയത്. തെലുങ്കാനയ്ക്ക് പുറമേ തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക തുടങ്ങി 9 സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പാക്കാനായി കിറ്റക്‌സ് ഗ്രൂപ്പിനെ കാണിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഈ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായും കിറ്റക്‌സ് ചര്‍ച്ച നടത്തും. അതിനുശേഷമാകും ഏത് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കണമെന്ന് കിറ്റക്‌സ് അന്തിമ തീരുമാനം എടുക്കുക. കേരളത്തില്‍ വ്യവസായ അന്തരീക്ഷം ഇല്ലെന്നും പദ്ധതി നടപ്പാക്കില്ലെന്നുമാണ് കിറ്റക്‌സ് പ്രഖ്യാപിച്ചിരുന്നത്. കമ്പനിയിലെ തുടര്‍ച്ചയായി പരിശോധനയില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.