രാജ്യത്തെ കോവിഡ് കേസുകളില്‍ മൂന്നിലൊന്നു കേരളത്തില്‍ ; രണ്ടാം പിണറായി സര്‍ക്കാരിന് പിടികൊടുക്കാതെ വൈറസ്
രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം അല്പം ശമിച്ചു എങ്കിലും വ്യാപനം വ്യാപകമായി തുടരുകയാണ് കേരളത്തില്‍. മാസങ്ങളോളം ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും രോഗ വ്യാപനത്തില്‍ കുറവ് വരാത്തത് സര്‍ക്കാരിന്റ പരാജയം ആണ് എടുത്തു കാട്ടുന്നത്. പുതിയ ആരോഗ്യ മന്ത്രിയായി വീണാ ജോര്‍ജ്ജ് സ്ഥാനം ഏറ്റിട്ടും വൈറസ് പിടികൊടുക്കാന്‍ തയ്യറായിട്ടില്ല. ശൈലജ ടീച്ചറുടെ കീഴില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കേരളത്തിലെ ആരോഗ്യമേഖല കിതയ്ക്കുന്നു കാഴ്ചയാണ് ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്. വാരവാരം പുതിയ നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി അധ്യക്ഷനായ അവലോകനയോഗം നടപ്പില്‍ വരുത്തുന്നുണ്ട് എങ്കിലും അവയെല്ലാം പൊതു ജനത്തിന് ശല്യം ആകുന്നത് അല്ലാതെ വൈറസിനെ പിടിച്ചു കെട്ടാന്‍ കഴിയുന്നില്ല.
ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല നടപടികളും തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ക്ക് സമമായി മാറുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് അതെ പടി അനുസരിക്കുക മാത്രമാണ് മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്തു വരുന്നത് എന്ന് വ്യക്തമാക്കുന്നതാണു ബിവറേജ് തുറന്നതും വൈറസ് വ്യാപനം ഇത്രയും രൂക്ഷമായ സമയത്തും പരീക്ഷകള്‍ നടത്തിയതും. നിലവിലെ കണക്കില്‍ രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു .കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ രാജ്യത്ത് നിന്ന് പൂര്‍ണമായി പോയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്.
രാജ്യത്ത് ഇപ്പോഴും കോവിഡിന്റെ രണ്ടാംതരംഗം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് നിരക്കില്‍ ക്രമാനുഗതമായ കുറവ് കാണിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുതിയ കേസുകളില്‍ എട്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പുതിയ കോവിഡ് കേസുകളില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 90 ജില്ലകളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കുറയുന്നു എന്നതുകൊണ്ട് സുരക്ഷാ നടപടികളില്‍ വീഴ്ച വരുത്തരുത്. യു.കെ, റഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കോവിഡ് ശക്തമായി തിരിച്ചുവരികയാണ്. നമ്മുടെ രാജ്യത്ത് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യസെക്രട്ടറി പറഞ്ഞു.