സംരംഭകര്‍ക്ക് എട്ടിന്റെ പണിയുമായി വീണ്ടും കേരള സര്‍ക്കാര്‍ ; പെട്രോള്‍ പമ്പിനായി പണം മുടക്കിയവര്‍ക്ക് കോടികള്‍ നഷ്ടം

സംസ്ഥാനത്ത് പുതിയ തൊഴില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നവരോടുള്ള കേരള സര്‍ക്കാരിന്റെ ചിറ്റമ്മ നയം ഇപ്പോള്‍ രാജ്യം മുഴുവന്‍ അറിഞ്ഞു കഴിഞ്ഞു. വ്യാവസായങ്ങള്‍ക്ക് പറ്റിയ മണ്ണല്ല കേരളം എന്ന് കിറ്റെക്‌സ് വിവാദത്തിലെ മറ്റു സംസ്ഥാനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് വന്‍ ചര്‍ച്ചയായി കഴിഞ്ഞു. കിറ്റെക്‌സ് വിവാദം നിന്ന് കത്തുന്നതിന്റെ പിന്നാലെയാണ് പെട്രോള്‍ പമ്പിനായി പണം മുടക്കിയവര്‍ക്ക് കോടികള്‍ നഷ്ടമായ വാര്‍ത്തയും വരുന്നത്. കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിനായി കോടികള്‍ മുതല്‍ മുടക്കിയ കേരളത്തിലെ സംരഭകരെ വെട്ടിലാക്കി പൊതുമരാമത്ത് വകുപ്പ്. 2018ലെ നിയമപ്രകാരം രാജ്യത്തെ വിവിധ പെട്രോളിയം കമ്പിനികളുടെ പമ്പുകള്‍ക്കായി എണ്ണ കമ്പിനികള്‍ നിയമപ്രകാരം അനുമതി നല്‍കിയ ഉടമകള്‍ക്കാണ് പുതുക്കിയ നിയമം മൂലം പിഡബ്ല്യുഡി എന്‍ഒസി നിഷേധിച്ചത്.

1750 ഓളം നിക്ഷേപകര്‍ക്കാണ് 2019 ല്‍ പുതുക്കിയ നിയമപ്രകാരം കോടികള്‍ നഷ്ടമാകുന്നത്. കൂടാതെ സംസ്ഥാനത്തിന് ലഭിക്കേണ്ട 5000 കോടി രൂപയുടെ നിക്ഷേപവും 35000 തൊഴില്‍ അവസരങ്ങളും ഇതുവഴി നഷ്ടമാകും. 2018 നവംബറിലാണ് രാജ്യത്താകമാനം 55000 പെട്രോളിയം ഔട്ട്‌ലറ്റുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഭാഗമായി കേരളത്തിലും അപേക്ഷ ക്ഷണിക്കുന്നത്. ഇതില്‍ നിന്നും ആദ്യഘട്ടത്തില്‍ സ്ഥലപരിശോധനയടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 550 അപേക്ഷകരെ യോഗ്യരായി വിവിധ പെട്രോളിയം കമ്പിനികള്‍ തെരഞ്ഞെടുത്തു. ഇതിനായി കോടികള്‍ മുടക്കി സ്ഥലം അടക്കമുള്ള നിയമപ്രകാരമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സംരഭകര്‍ ഒരുക്കി. തുടര്‍ന്ന് പെട്രോളിയം കമ്പിനികള്‍ തന്നെ നേരിട്ട് അതാത് ജില്ലാ കളക്ടര്‍മാരില്‍ നിന്നും സംരഭകര്‍ക്കായി എന്‍ഒസി തേടി. ഇതിനായി പൊലീസ്, റവന്യു, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പൊതുമരാമത്ത് തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പരിശോധനക്കായി അയച്ചു. പിന്നീടാണ് സര്‍ക്കാരിന്റെ ദ്രോഹം ആരംഭിക്കുന്നത്.

പഴയ മാനദണ്ഡങ്ങളെ മറികടന്ന് 2019 ഒക്ടോബര്‍ 22 ന് കേരളത്തിലെ റോഡുകളില്‍ ബാധകമല്ലാതിരുന്ന ഐആര്‍സി ഗൈഡ് ലൈന്‍സ് പുതിയ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് ബാധകമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ഇതോടെ പഴയ നിയമപ്രകാരം പണം മുടക്കിയ 1750 ഓളം സംരഭകര്‍ വെട്ടിലായി. ഇതില്‍ പെട്രോളിയം കമ്പിനികളുടെ നിയമപ്രകാരം ജോലി ഉപേക്ഷിച്ച് സംരഭത്തിനായി മടങ്ങിയെത്തിയ പ്രവാസികളും ഉള്‍പ്പെടുന്നു. പെട്രോളിയം ആക്ട് 144 പ്രകാരം സൈറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ ശുപാര്‍ശ ആവശ്യമില്ല. തുടര്‍ന്ന് സംരഭകര്‍ ഹൈക്കോടതിയെ സമീപിച്ചു. അനുകൂലമായി ഇടക്കാല ഉത്തരവ് നേടുകയും ചെയ്തു. എന്നാല്‍ കോടതി ഉത്തരവിനെ മറികടക്കാനായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി നിരവധി ഉത്തരുവുകള്‍ സംരഭകര്‍ക്കെതിരായി പൊതുമരാമത്ത് വകുപ്പ് ഇറക്കി.

എന്നാല്‍ ആദ്യത്തെ നിയമപ്രകാരം ലക്ഷങ്ങള്‍ ഫീസിനത്തില്‍ ഈടാക്കിയതും, കോടികള്‍ മുതല്‍ മുടക്കിയതുമായ സംരഭകര്‍ എന്തു ചെയ്യണമെന്നു പോലും വകുപ്പ് മിണ്ടിയിട്ടില്ല എന്ന് പണം മുടക്കി പ്രതിസന്ധിയിലായ ഒരു പ്രവാസി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുതിയ പെട്രോള്‍ പമ്പുകള്‍ വരാതിരിക്കത്തക്ക രീതിയില്‍ നിയമങ്ങള്‍ പിന്‍വലിച്ചും പുതിയവ കൂട്ടി ചേര്‍ത്തും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി 5 ഗവണ്‍മെന്റ് ഉത്തരവുകളാണ് വകുപ്പ് ഇതുവരെ പുറത്തിറക്കിയത്.നിലവിലെ പമ്പുടമകള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് 5000 കോടി രൂപയുടെ നിക്ഷേപം തടഞ്ഞു കൊണ്ടുള്ള വകുപ്പിന്റെ നീക്കമെന്നാണ് ആരോപണം.