കടലില്‍ കൂടി ആക്രമണം നടത്താന്‍ ശേഷിയുള്ള റോബോട്ടുകളെ നിര്‍മ്മിക്കാന്‍ ചൈന
കടലില്‍ മറഞ്ഞിരുന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ള റോബോട്ടുകളെ ചൈന വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കടലില്‍ മറഞ്ഞിരിക്കാനും ശത്രുരാജ്യത്തിന്റെ കപ്പലുകളെയും അന്തര്‍വാഹിനികളെയും ടോര്‍പ്പിഡോകള്‍ ഉപയോഗിച്ച് തകര്‍ത്തെറിയാനും സാധിക്കുന്ന തരത്തിലുള്ള റോബോട്ടുകളെ ആണ് ചൈന നിര്‍മ്മിക്കുന്നത്. അണ്‍മാന്‍ഡ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ട് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടിരുന്നു. ഈ റോബോട്ടിന് മനുഷ്യന്റെ മാര്‍ഗ നിര്‍ദേശം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നതാണ് സവിശേഷത. റോബോട്ടിന്റെ പരീക്ഷണങ്ങള്‍ തായ്വാന്‍ കടലിടുക്കില്‍ ചൈന നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2010 മുതല്‍ ചൈന വികസിപ്പിച്ച് തുടങ്ങിയതെന്ന് കരുതുന്ന ഈ യുയുവികളെ കൂട്ടത്തോടെ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തിന് നേരെ തുടര്‍ച്ചയായി ആക്രമണം നടത്താന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
2010ല്‍ ഹാര്‍ബിന്‍ എഞ്ചിനിയറിങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഈ പരീക്ഷണങ്ങളെ സംബന്ധിച്ച വിശദമായ പ്രബന്ധം തയ്യാറാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ചയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അന്തര്‍വാഹിനിയുടെ സ്ഥാനം തിരിച്ചറിയാനും ഗതിമാറ്റാനും ലക്ഷ്യത്തെ വട്ടമിടാനും ടോര്‍പ്പിഡോ ഉപയോഗിച്ച് നിര്‍മിത ബുദ്ധി റോബോട്ടിന് കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാണിജ്യ കപ്പല്‍ കമ്പനികളും ചില നാവികസേനകളും യുയുവികള്‍ ഇതിനോടകം ഉപയോഗിക്കുന്നുണ്ടെങ്കിലും യുദ്ധത്തിനായി ഉപയോഗിച്ചിട്ടില്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാണ് ചൈനയുടെ ഈ കണ്ടെത്തല്‍.