കിറ്റെക്‌സിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
കിറ്റെക്‌സ് വിവാദത്തില്‍ കമ്പനിക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റെക്‌സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണ് എന്ന് പിണാറായി പറയുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളാണ് ഉയര്‍ന്ന് വന്നത്. കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണെന്നും ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണ്. വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചത്.
മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍ നാലാം സ്ഥാനവും കേരളത്തിനാണ്. കിറ്റെക്സ് എം.ഡി സാബു ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിക്കുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ല. കേരളത്തില്‍ എന്തുകൊണ്ട് രോഗികളുടെ എണ്ണം കുറയുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. പൊതുജനാരോഗ്യ തത്വം അനുസരിച്ച് പരിശോധിച്ചാല്‍ ഇതില്‍ അധികം അത്ഭുതപ്പെടാനില്ല. അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.