ദേശിയ തലത്തിലും കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി

സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്ന പുനഃസംഘടനാണ് അണിയറയിലുള്ളത്. ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പോടിയായിട്ടാണ് അഴിച്ചു പണി. അതേസമയം ഗാന്ധി കുടുംബം തന്നെയാകും തലപ്പത്തുണ്ടാകുക. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമീരന്ദര്‍ സിങ്ങിനെതിരെ നവ്ജ്യോത് സിങ് സിദ്ദുവും രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റും രംഗത്തെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് നേതൃതലത്തില്‍ മാറ്റങ്ങള്‍ വരുന്നത്.

പുനഃസംഘടന വേണമെന്നത് പാര്‍ട്ടിക്കുള്ളിലെ ദീര്‍ഘകാല ആവശ്യമാണ്. ഇക്കാര്യം ഉന്നയിച്ച് ജി23 സംഘം നേരത്തെ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. കത്ത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ രാഹുല്‍ വിസമ്മതിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നിലേറെ വൈസ് പ്രസിഡണ്ടുമാരെ നിയോഗിക്കുമെന്നാണ് സൂചന. വര്‍ക്കിങ് പ്രസിഡണ്ട് തസ്തികയെ കുറിച്ചും ആലോചനയുണ്ട്. അതിനിടെ, ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരെയാണ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബംഗാളില്‍ മമത ബാനര്‍ജിയുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് അധിറിനെ മാറ്റുന്നത് എന്നാണ് സൂചന.