പളനിയില്‍ മലയാളീ വീട്ടമ്മയ്ക്ക് ക്രൂര പീഡനം ; കേസെടുക്കാതെ തമിഴ് നാട് പോലീസ്
പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പഴനിയില്‍ നാല്‍പതുകാരിയായ മലയാളി വീട്ടമ്മയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. ഭര്‍ത്താവിന് ഒപ്പം പഴനി സന്ദര്‍ശിക്കാന്‍ പോയ വീട്ടമ്മയെ ആണ് ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ രീതിയില്‍ പീഡനത്തിനു ഇരയാക്കിയത്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചു. തടയാനെത്തിയ ഭര്‍ത്താവിന് മര്‍ദനമേറ്റു. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത നിലയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് യുവതി.കഴിഞ്ഞ മാസം ജൂണ്‍ 19നാണ് സംഭവം. പാലക്കാടുനിന്നാണ് ഇരുവരും ട്രെയിനില്‍ പഴനിയിലേക്കു പോയത്. ഉച്ചയ്ക്കു ശേഷം അവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്തു.
അന്നു സന്ധ്യയോടെ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. സ്ത്രീയെ റോഡരികില്‍ നിര്‍ത്തി, ഭര്‍ത്താവ് എതിര്‍വശത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയപ്പോള്‍ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു എന്ന് ഭര്‍ത്താവ് പറയുന്നു. ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവന്‍ പീഡിപ്പിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച തന്നെ മദ്യപാനിയായി ചിത്രീകരിച്ച് ലോഡ്ജ് ഉടമയും ഗുണ്ടകളും ചേര്‍ന്നു മര്‍ദിച്ച് ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു. പഴനി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. പിറ്റേന്ന് രാവിലെ സ്ത്രീ ലോഡ്ജില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയതോടെ കേരളത്തിലേക്ക് മടങ്ങി. പേടി കാരണം പുറത്തുപറയാതെ വീട്ടില്‍ കഴിയുകയായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചെങ്കിലും കേരളാ പോലീസും ഇതുവരെ ഇവരുടെ മൊഴിയെടുത്തിട്ടില്ല എന്നാണ് വിവരം.