വാക്സിനെടുത്തവര്‍ക്ക് ശബരിമലയില്‍ പ്രവേശനം ; വെര്‍ച്ച്വല്‍ ക്യൂവഴി പരമാവധി 5000 പേര്‍
ശബരിമലയില്‍ പ്രവേശിക്കാന്‍ ഭക്തര്‍ക്ക് അനുമതി. ഈ മാസം 17 മുതല്‍ ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. ഒരു ദിവസം 5000 ഭക്തര്‍ക്കാണ് ദര്‍ശന സൗകര്യം ഉണ്ടാവുക. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കൂ. രണ്ട് ഡോസ് വാക്സിനേഷനോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമെ മാസപൂജക്ക് പ്രവേശിപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരമാവധി 5000 ആളുകളെ വെര്‍ച്ച്വല്‍ ക്യൂവഴി പ്രവേശിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ല. കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക.